Kerala
മങ്കട (മലപ്പുറം): മങ്കടയിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഇടതുമുന്നണി പിന്തുണയ് ക്കുന്ന മങ്കടയിലെ സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദിനെ പ്രഖ്യാപിച്ചു.
സ്ഥാനാർഥിനിർണയത്തിന്റെ പേരിൽ മുസ്ലിം ലീഗുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി എം.പി. അലവിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അലവിയെ പിൻവലിച്ചാണു കുന്നത്ത് മുഹമ്മദിനെ ഇപ്പോൾ സ്ഥാനാർഥിയാക്കിയത്. അതേസമയം, മങ്കടയിൽ മഞ്ഞളാംകുഴി അലിയെ പരാജയപ്പെടുത്തുകയാണു ലക്ഷ്യമെന്നും അതിന് തന്റെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും അലവി പറഞ്ഞു.
മങ്കടയിൽ മഞ്ഞളാംകുഴി അലിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണു കുന്നത്ത് മുഹമ്മദ് പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയത്. മുസ്ലിം ലീഗിന്റെ മങ്കട നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു കുന്നത്ത് മുഹമ്മദ്.
മഞ്ഞളാംകുഴി അലിക്കെതിരേ കുന്നത്ത് മുഹമ്മദ് കടുത്ത ആരോപണമാണ് ഉന്നയിച്ചത്. ലീഗ് നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയും ഫാൻസിനെ ഉപയോഗിച്ച് സമ്മർദത്തിലാക്കുകയും ചെയ്താണ് അലി സീറ്റ് നേടിയതെന്നായിരുന്നു ആരോപണം. ഇതേത്തുടർന്ന് മുസ്ലിംലീഗ് നേതൃത്വം കുന്നത്ത് മുഹമ്മദിനെ ഈയിടെ പുറത്താക്കി.
ഇടതുപക്ഷത്തുനിന്ന് മഞ്ഞളാംകുഴി അലിയെ ലീഗിൽ എത്തിക്കുന്നതിനു നേരത്തേ ചുക്കാൻ പിടിച്ചയാളാണ് കുന്നത്ത് മുഹമ്മദ്. മൂന്ന് ടേമും കഴിഞ്ഞ് അലി വീണ്ടും ജനവിധി തേടുന്നതിൽ പ്രതിഷേധിച്ചാണ് മുന്‍പ് കൈപിടിച്ച് കൊണ്ടുവന്നയാൾ തന്നെ പ്രതിഷേധവുമായി എതിർസ്ഥാനാർഥിയാകുന്നത്.
കുന്നത്ത് മുഹമ്മദിനെ മങ്കടയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിറകെ മങ്കടയിലെ എൽഡിഎഫ് നേതാക്കൾ കുന്നത്ത് മുഹമ്മദിന്റെ വസതിയിലെത്തി അദ്ദേഹത്തെ കണ്ട് പിന്തുണ അറിയിച്ചു.
Kerala
ഇരിട്ടി: നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ പേരാവൂരിൽ സണ്ണി ജോസഫിനും കെ.കെ.ശൈലജയ്ക്കും അപരന്മാർ. രണ്ടു സ്ഥാനാർഥികൾക്കും രണ്ടു വീതം അപരന്മാരാണുള്ളത്.
സണ്ണി ജോസഫിന് അപരന്മാരായി കരിക്കോട്ടക്കരി കൊട്ടുകപ്പാറ സ്വദേശി സണ്ണി ജോസഫ്, എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി എന്നിവരാണ് മത്സര രംഗത്തുള്ളത്.
കണ്ണാടിപ്പറന്പ് സ്വദേശിനി എ.വി. ശൈലജ, ചാവശേരി സ്വദേശിനി സി. ഷൈലജ എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ അപരകൾ. പേരാവൂർ മണ്ഡലത്തിൽ ആകെ 22 പേരാണ് പത്രികകൾ സമർപ്പിച്ചിരിക്കുന്നത്.
Kerala
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിൽ നടത്തിയ അപവാദ പ്രചാരണത്തിനെതിരേ മുസ്ലിം ലീഗ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
സാദിഖലി തങ്ങൾക്കെതിരേ ലൈംഗികാപവാദം പ്രചരിപ്പിക്കുന്ന പോസ്റ്റാണ് ഫേസ്ബുക്കിൽ വന്നത്. അജ്ഞാത ഐഡിയിൽനിന്നുള്ള പോസ്റ്റിനെതിരേ മലപ്പുറം സൈബർ ക്രൈം വിഭാഗമാണ് കേസെടുത്തത്.
തങ്ങൾക്കെതിരേ വ്യാജപ്രചാരണം മാപ്പർഹിക്കാത്ത തെറ്റാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്നും തങ്ങൾക്കെതിരേ വ്യാജപ്രചാരണം നടത്തുന്നത് മാപ്പർഹിക്കാത്ത തെറ്റാണെന്നും കെ.ടി. ജലീൽ എംഎൽഎ പറഞ്ഞു.
Kerala
പയ്യന്നൂര്‍: സ്വതന്ത്ര സ്ഥാനാര്‍ഥിക്കായി നടത്തിയ ചുമരെഴുത്ത് ഇരുട്ടി വെളുത്തപ്പോൾ എല്‍ഡിഎഫിന്റേതാക്കി മാറ്റി.
പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വി.കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമുള്ള ചുമരെഴുത്താണ് ഇന്നലെ രാവിലെ എല്ഡിഎഫിന്റെതായി മാറ്റിയെഴുതപ്പെട്ടത്.
അന്നൂര്‍ കണ്ടക്കോരന്മുക്കിലാണ് സംഭവം. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണനെ വിജയിപ്പിക്കുകയെന്ന ചുമരെഴുത്ത് പൂർത്തിയാക്കി പ്രവർത്തകർ പിരിഞ്ഞത്.
ഇന്നലെ രാവിലെ വി. കുഞ്ഞികൃഷ്ണന്റെ ചുമരെഴുത്തിനു മുകളിൽ ഓരോ വോട്ടും എൽഡിഎഫിനെന്നെഴുതി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചിഹ്നവുമാണു പ്രത്യക്ഷപ്പെട്ടത്.
കൂട്ടത്തില്‍ അന്നൂര്‍ സഖാക്കളെന്നും എഴുതിയിട്ടുണ്ട്. ഇതിനെതിരെ യുഡിഎഫ് മുനിസിപ്പല്‍ ചെയര്മാന് എ. രൂപേഷ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി. വൈകുന്നേരത്തോടെ പോലീസെത്തി ചുമരെഴുത്ത് ഗ്രീൻ നെറ്റ് കൊണ്ട് മറച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് 85 ശതമാനം മറികടക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമപ്രവർത്തകർക്കായി തയാറാക്കിയ "വോട്ടറിവ് കേരള നിയമസഭാ തെരഞ്ഞെടുപ്പ് നാൾവഴികൾ’ പുസ്തകം പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളും കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രവും ഉൾപ്പെടുന്ന പുസ്തകം മാധ്യമപ്രവർത്തകർക്കു വളരെയധികം ഉപയോഗപ്രദമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ പിഐബി കേരള ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തന്പി, ഇൻഫർമേഷൻ അസിസ്റ്റന്റ് കെ. ശ്രീഷ്മ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഒരു ലഘു റഫറൻസ് ഗ്രന്ഥമായി വിഭാവനം ചെയ്തിട്ടുള്ള പുസ്തകത്തിൽ 1957 മുതലുള്ള കേരള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രവും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മണ്ഡലം തിരിച്ചുള്ള പ്രധാന വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വെബ്സൈറ്റിൽ ലഭ്യമാണ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ ഒന്‍പതിന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി.
സംസ്ഥാനത്തെ വാണിജ്യ-സ്വകാര്യ സ്ഥാപനങ്ങൾ അടക്കമുള്ളിടങ്ങളിലെ എല്ലാ ജീവനക്കാർക്കും ശന്പളത്തോടു കൂടിയഅവധിയായിരിക്കും.
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം എല്ലാ സ്വകാര്യ സംരംഭങ്ങൾ, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്കും അവധി ബാധകമായിരിക്കും.
എല്ലാ ജീവനക്കാർക്കും ശന്പളത്തോടുകൂടിയ അവധി നൽകണം. നിയോജക മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികൾ, താത്കാലിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശന്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Kerala
രാഷ്ട്രീയം സാധ്യതകളുടെയും അവസരങ്ങളുടെയും കലയാണെന്ന് പറയാറുണ്ട്. അതുകൊണ്ടുതന്നെ അവിടെ സീറ്റിനായുള്ള മോഹവും മോഹഭംഗങ്ങളും ചരടുവലികളുംമെല്ലാം തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് സാധാരണം.
ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. അർഹതയുണ്ടായിട്ടും അവസരം ലഭിക്കാത്തവർ, അവസാന നിമിഷം സീറ്റ് നഷ്ടമായവർ, എംപി സ്ഥാനം മടുത്ത് എംഎൽഎ ആകാൻ ആഗ്രഹിച്ചവർ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.
കേഡർ പാർട്ടിയെന്നു വിശേഷിപ്പിക്കുന്ന സിപിഎമ്മിൽ ഇത്തരം പ്രവണതകൾ അധികം മറനീക്കി പുറത്തു വരാറില്ല. എന്നാൽ കോൺഗ്രസിലാകട്ടെ മറിച്ചും.
Kerala
തിരുവനന്തപുരം: കേരളം ഉറ്റു നോക്കുന്ന രാഷ്ട്രീയ പോരാട്ടമാണു നേമത്ത് ഇപ്പോൾ നടക്കുന്നത്. ബിജെപി കേരളത്തിൽ വിജയിച്ചിട്ടുള്ള സംസ്ഥാനത്തെ ഏക മണ്ഡലം എന്ന നിലയിൽ ചരിത്രത്തിൽ ഇടംപിടിച്ച നേമത്തെ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അരയും തലയും മുറുക്കി രംഗത്തുള്ളപ്പോൾ 2016 ൽ തുറന്ന അക്കൗണ്ട് 2021 ൽ പൂട്ടിച്ച വി. ശിവൻകുട്ടി ഇരട്ടത്താഴിട്ടാണു പൂട്ടിയതെന്നു പറഞ്ഞു കളത്തിലുണ്ട്.
സമീപകാലത്തായി യുഡിഎഫിനു ദൗർബല്യമുള്ള മണ്ഡലത്തിൽ യുവനേതാവ് കെ.എസ്. ശബരീനാഥിനെ രംഗത്തിറക്കി തങ്ങളും ജയിക്കാൻ തന്നെയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎഫ്.
മന്ത്രി വി. ശിവൻകുട്ടിയും രാജീവ് ചന്ദ്രശേഖറും നേരത്തേതന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ശബരീനാഥൻ രംഗത്തു വന്നതു രണ്ടു ദിവസം മുന്‍പു മാത്രം. കൂറ്റൻ റോഡ് ഷോയോടെ ആയിരുന്നു ശബരിയുടെ വരവ്.
വോട്ടുകണക്കുകളിലാണ് ബിജെപിയുടെ ആത്മവിശ്വാസം. മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ അടിത്തറ അവർക്കുണ്ട്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ അവർ നേമം നിയോജകമണ്ഡലത്തിൽ ഒന്നാമതാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലുള്ള 22 കോർപറേഷൻ വാർഡുകളിൽ പതിനേഴിടത്ത് എൻഡിഎ ജയിച്ചു.
അഞ്ചു വാർഡുകളിൽ എൽഡിഎഫും. കോണ്‍ഗ്രസിന് ഒരിടത്തും ജയിക്കാനായില്ല. 8,852 വോട്ടിന്റെ ഭൂരിപക്ഷമാണിവിടെ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ കൈവരിച്ചത്. ഇങ്ങനെ രാഷ്ട്രീയ മേധാവിത്വം തുടരുന്പോഴും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം അവരെ ഞെട്ടിച്ചു.
കുമ്മനം രാജശേഖരനെ 3,949 വോട്ടിന്റെ വ്യത്യാസത്തിലാണു ശിവൻകുട്ടി മറികടന്നത്. കെ. മുരളീധരന്റെ കടന്നുവരവായിരുന്നു കഴിഞ്ഞ തവണത്തെ പരാജയത്തിനു കാരണമായതെന്ന് ബിജെപി ഇപ്പോഴും വിശ്വസിക്കുന്നു.
2011 ൽ മണ്ഡല പുനർവിഭജനത്തിനു ശേഷം ഇടതുപക്ഷത്തു നിന്ന് ഇവിടെ തുടർച്ചയായി മത്സരിച്ചു വരുന്നത് വി. ശിവൻകുട്ടിയാണ്. ബിജെപിയാകട്ടെ രണ്ടു തവണ ഒ. രാജഗോപാലിനെയും കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെയും പരീക്ഷിച്ചു.
ഇത്തവണ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്പോൾ വിജയത്തിൽ കുറഞ്ഞൊന്നും അവർ ചിന്തിക്കുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു നേമത്ത് 22,126 വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്.
ഒന്നര പതിറ്റാണ്ടോളമായി മണ്ഡലത്തിലുള്ള ബന്ധമാണു ശിവൻകുട്ടിയുടെ കരുത്ത്. ശബരീനാഥനെ മത്സരിപ്പിച്ചതു വഴി യുഡിഎഫും നേമത്തു മത്സരിക്കുന്നത് ഗൗരവത്തോടെ തന്നെയെന്നു പറയാതെ പറഞ്ഞിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: ജോണ്‍ ജോണ്‍ അധ്യക്ഷനായ നാഷണൽ ജനതാദളിനെ യുഡിഎഫ് ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. ഏറെ വർഷമായി യുഡിഎഫിലെ അസോസിയേറ്റ് അംഗമായിരുന്നു ജോണ്‍ ജോണ്‍ നേതൃത്വം നൽകുന്ന നാഷണൽ ജനതാദൾ.
കോണ്‍ഗ്രസിനെ കൂടാതെ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആർഎസ്പി, കേരള കോണ്‍ഗ്രസ്- ജേക്കബ്, സിഎംപി- (സി.പി ജോണ്‍), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, കേരള ഡമോക്രാറ്റിക് പാർട്ടി (കെഡിപി- മാണി സി. കാപ്പൻ), കെഎസ്എസ് (എ.എൻ രാജൻ ബാബു വിഭാഗം) എന്നിവരാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികൾ.
അഖിലേന്ത്യ തൃണമൂൽ കോണ്‍ഗ്രസ് (പി.വി. അൻവർ), ജനാധിപത്യ രാഷ്ട്രീയസഭ (സി.കെ. ജാനു) എന്നീ കക്ഷികൾ അസോസിയേറ്റ് കക്ഷികളുമാണ്.
സിപിഎം വിട്ടു സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്ന ജി. സുധാകരൻ (അന്പലപ്പുഴ), പി.കെ. ശശി (ഒറ്റപ്പാലം), ടി.കെ. ഗോവിന്ദൻ (തളിപ്പറന്പ്), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ) എന്നിവർക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
Kerala
ഒറ്റപ്പാലം: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശശി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും. കൈപ്പത്തി ചിഹ്നം ശശിക്കു നല്‍കരുതെന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിച്ചതോടെയാണ് മാറ്റം.
പ്രശ്നപരിഹാരത്തിനു കോണ്‍ഗ്രസില്‍ ചേരാന്‍ നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചിരുന്നു. ഇതോടെയാണ് സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കാന്‍ പി.കെ. ശശി തീരുമാനിച്ചത്.
കൈപ്പത്തി ചിഹ്നം ചേർത്തുള്ള പി.കെ. ശശിയുടെ പ്രചാരണ പോസ്റ്ററുകളും ഫ്ലക്സുകളും ഒറ്റപ്പാലം മണ്ഡലത്തില്‍ ഇന്നലെ വ്യാപകമായി പതിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിനുപിന്നാലെ പി.കെ. ശശിയെ സിപിഎം പുറത്താക്കിയിരുന്നു. തുടർന്നാണ് ശശി യുഡിഎഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് സ്വതന്ത്രസ്ഥാനാർഥിയായത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സമൂഹമാധ്യമ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നു പോലീസ് മുന്നറിയിപ്പ്.
സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ വരുന്ന മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്മാര് കൃത്യമായി നിരീക്ഷിക്കണം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചു നിര്‍മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള എഐ- ജനറേറ്റഡ് എന്ന ലേബല്‍ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കു നിയമനടപടികള്‍ നേരിടേണ്ടതായി വരും.
ജാതി, മതം, വര്‍ഗം, കമ്യൂണിറ്റി എന്നിവയുടെ പേരില്‍ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ബിഎന്‍എസ് 196 പ്രകാരം ഇതു കുറ്റകരമാണ്.
വോട്ടെടുപ്പു തീയതി, സ്ഥാനാര്‍ഥികള്‍, വര്‍ഗീയ സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തുടങ്ങുന്ന സൈലന്‍സ് പീരീഡില്‍ ഒരുവിധത്തിലുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങളും സമൂഹമാധ്യമങ്ങൾ വഴി നടത്തരുത്.
സമൂഹമാധ്യമ ഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകള്‍ക്ക് അഡ്മിന്മാര് നേരിട്ട് ഉത്തരവാദികളായിരിക്കില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
Kerala
പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ടി.ഐ. മധുസൂദനനെ ഗുണ്ടാത്തലവനെന്നു പ്രചരിപ്പിച്ച് സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പരാതി.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി. സന്തോഷാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വെള്ളൂരിലെ വി. കുഞ്ഞികൃഷ്ണനെതിരെ മണ്ഡലം തെരഞ്ഞെടുപ്പ് വരണാധികാരി, കണ്ണൂർ ജില്ലാ കളക്ടർ, കണ്ണൂർ റൂറൽ പോലീസ് മേധാവി, പയ്യന്നൂര്‍ പോലീസ് എന്നിവർക്ക് പരാതി നല്‍കിയത്.
കണ്ടോത്ത് മുക്കിലെ ഒരു വ്യക്തിയുടെ സ്ഥലത്ത് വി. കുഞ്ഞികൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിര്‍മിച്ചുവെന്നും അത് സ്ഥലമുടമയുടെ ആവശ്യപ്രകാരം പൊളിച്ചുമാറ്റേണ്ടിവന്നതിന് കാരണം ടി.ഐ. മധുസൂദനന്റെ ഗുണ്ടകളാണെന്നും എതിര്‍കക്ഷി ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ടെലിവിഷന്‍ ചാനലുകള്‍ വഴിയും പ്രചരിപ്പിച്ചതായാണ് പരാതി. ഈ സംഭവവുമായി എല്‍ഡിഎഫിനും സ്ഥാനാര്‍ഥിക്കും യാതൊരു ബന്ധവുമില്ല.
ഈ വ്യാജ പ്രചാരണം ശിക്ഷാര്‍ഹമായ കുറ്റവും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായതിനാല്‍ എതിര്‍കക്ഷിക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നാണു പരാതിയിലെ ആവശ്യം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി നാലു മണിക്കൂർ മാത്രം. തിങ്കളാഴ്ച മാത്രമാണ് ഇനി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി.
രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നു മണിവരെയാണ് പത്രിക സ്വീകരിക്കുന്നത്. അതായത് ഒരു ദിവസം നാലു മണിക്കൂർ സമയം മാത്രം.
ഇന്നലെ 505 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം 32 എണ്ണം ലഭിച്ചിരുന്നു. ഇതുവരെ 537 പത്രികകൾ മാത്രമാണ് ലഭിച്ചത്. തിങ്കളാഴ്ച ഇതിന്റെ മൂന്നിരട്ടിയെങ്കിലും പത്രികകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം ഇതുവരെ നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തിയ 25.26 കോടി രൂപയാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത്. ഇന്നലെ മാത്രം 16.36 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ജോലിക്കായി നിയമിക്കുന്ന പ്രിസൈഡിംഗ് ഓഫീസർമാർ, ഒന്നാം പോളിംഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം 24 മുതൽ 29 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.
തപാൽ ബാലറ്റ് ഫോം 12 സമർപ്പിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. പരിശീലന കേന്ദ്രത്തിൽ വോട്ട് രേഖപെടുത്താനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വിഎഫ്സി) ക്രമീകരിക്കും.രണ്ടും മൂന്നും പോളിംഗ് ഓഫീസർമാർക്കുള്ള പരിശീലനം രണ്ടാം ഘട്ടത്തിൽ മാത്രമായി പരിമിതപ്പെടുത്തി.
Kerala
ആലപ്പുഴ: പഴയകാലത്തെ അർധ ഫാസിസ്റ്റ് കോൺഗ്രസല്ല ഇപ്പോഴത്തെ കോൺഗ്രസെന്ന് ജി. സുധാകരൻ.
താൻ പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരേയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണെന്ന് സിപിഎം വിട്ട മുൻ മന്ത്രിയും അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ സുധാകരൻ പറഞ്ഞു.
തനിക്ക് പാർലമെന്ററി മോഹമില്ല. പുന്നപ്രയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലും തമിഴ്നാട്ടിലും കോൺഗ്രസുമായി ചേർന്നല്ലേ സിപിഎം മത്സരിക്കുന്നത്.
പാർലമെന്ററി വ്യാമോഹം ഇല്ലാത്തവരാണോ ഇപ്പോൾ വീണ്ടും മത്സരിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. ആലപ്പുഴയിൽനിന്ന് എംഎൽഎ ആയി പോയവരിൽ നിയമസഭയിൽ ഒരു നല്ല പ്രസംഗം നടത്തിയവരാരുണ്ടെന്നും സുധാകരൻ ചോദിച്ചു.
അമ്പലപ്പുഴയിൽ സലാമിന് വോട്ട് കുറഞ്ഞെന്നാരോപിച്ചുണ്ടായ അന്വേഷണ റിപ്പോർട്ടാണ് ഇത്തരം ഒരുനിലപാട് സ്വീകരിക്കാൻ തന്നെ നിർബന്ധിതനാക്കിയതെന്നും തന്റെ അച്ഛന് വിളിച്ചവരുൾപ്പെടെ ലോക്കൽ കമ്മിറ്റിയിൽ തുടർന്ന പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരേയാണ് ഇലക്ഷൻ പ്രചരണം.
കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി പിന്തുണയും സ്വീകരണവും നൽകിയതായും ആത്മാർഥമായി പ്രവർത്തിക്കുന്നതായും ജി.സുധാകരൻ പറഞ്ഞു. സിപിഎംബ്രാഞ്ച് സമ്മേളനത്തിന് തലേദിവസം കാണാതായ തോട്ടപ്പള്ളിയിലെ മത്സ്യത്തൊഴിലാളി സജീവന്റെ തിരോധാനത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം : നാമനിർദേശപത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മൂന്നു മണ്ഡലങ്ങളിൽകൂടി ഇടതുമുന്നണിക്കു സ്ഥാനാർഥികളെ തീരുമാനിക്കാനുണ്ട്.
സ്വതന്ത്രരെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ച താനൂർ, വള്ളിക്കുന്ന്, കാസർഗോഡ് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർഥികളെ തീരുമാനിക്കാനുള്ളത്. ഈ മൂന്നു മണ്ഡലങ്ങളിലും ഇന്നു സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
Kerala
തിരുവനന്തപുരം: സ്ഥാനാർഥിനിർണയം അനിശ്ചിതമായി നീണ്ടു പോയതിന്റെ പേരുദോഷം കേട്ടപ്പോഴും സംസ്ഥാനത്ത് ആദ്യമായി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ ക്രെഡിറ്റും യുഡിഎഫിനുതന്നെ.
വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക കൂടി പ്രസിദ്ധീകരിച്ചതോടെ യുഡിഎഫിനു 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളായി.
കഴിഞ്ഞ തവണ 93 മണ്ഡലങ്ങളിൽ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ മൂന്നു സ്വതന്ത്രരെ ഉൾപ്പെടെ 95 പേരെ മത്സരിപ്പിക്കുന്നു. ഇവരിൽ തളിപ്പറന്പിൽ ടി.കെ. ഗോവിന്ദൻ, ഒറ്റപ്പാലത്ത് പി.കെ. ശശി, അന്പലപ്പുഴയിൽ ജി. സുധാകരൻ എന്നീ മുൻ സിപിഎം നേതാക്കളുണ്ട്.
കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണയും 27 സീറ്റിൽ തന്നെ മത്സരിക്കുന്നു.
കഴിഞ്ഞ തവണ പത്തു സീറ്റിൽ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ എട്ടു സീറ്റു മാത്രമേ ലഭിച്ചുള്ളു. ആർഎസ്പിക്ക് ഇത്തവണയും അഞ്ചു സീറ്റ് ലഭിച്ചു.
സിപിഎമ്മിൽനിന്നു പുറത്തുവന്ന് പയ്യന്നൂരിൽ മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണൻ ആർഎസ്പിക്കു ലഭിച്ച സീറ്റിലാണു മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ആർഎംപി, മാണി സി. കാപ്പൻ, പി.വി. അൻവർ എന്നിവർക്കും സീറ്റുണ്ട്.
Kerala
കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി.ഒ. മോഹനൻ കെ.സുധാകരന്റെ എടക്കാട്ടെ വീട്ടിലെത്തി പിന്തുണ അഭ്യർഥിച്ചു. ടി.ഒ. മോഹനനെ ഷാൾ അണിയിച്ച് സ്വീകരിച്ച കെ. സുധാകരൻ 'താൻ വാക്കു പാലിച്ചെന്ന്’പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്.
ഇതിനിടെ മാധ്യമപ്രവർത്തകരോട് നിങ്ങൾ ഫോട്ടോയെടുത്ത ശേഷം മാറുമോ അതോ ചോദ്യങ്ങളുണ്ടാകുമോ എന്നും ചോദിച്ചു. തുടർന്ന് മാധ്യമങ്ങളെ മാറ്റി നിർത്തിയാണ് കെ. സുധാകരനും ടി.ഒ. മോഹനനും സംസാരിച്ചത്. ഇന്നു നടക്കുന്ന കണ്ണൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലും മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തിനും പങ്കെടുക്കും.
തളിപ്പറന്പിൽ ടി.കെ. ഗോവിന്ദനും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും വേണ്ടിയും പ്രചാരണത്തിനിറങ്ങും.പാർട്ടി നിർദേശം അനുസരിച്ചു പ്രവർത്തിക്കുമെന്ന് നൽകിയ വാക്കാണ്, താൻ വാക്കു പാലിച്ചു എന്ന് പറഞ്ഞതിലൂടെ കെ. സുധാകരൻ വ്യക്തമാക്കിയതെന്ന് ടി.ഒ. മോഹനൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാർഥിനിർണയ വേളയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഹൈക്കമാൻഡ് തീരുമാനം വന്നതോടെ അതെല്ലാം തീർന്നു. കെ. സുധാകാരൻ കോൺഗ്രസിലെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചാണ് താൻ എന്നും മുന്നോട്ടുപോയത്. അത് ഇനിയും തുടരും. തനിക്കു വേണ്ടിയും മറ്റു സ്ഥാനാർഥികൾക്കു വേണ്ടിയും അദ്ദേഹം പ്രചാരണത്തിനിറങ്ങിക്കൊണ്ട് പാർട്ടിയെ അദ്ദേഹം തന്നെ മുന്നിൽനിന്നു നയിക്കും.
കണ്ണൂർ തന്റെ പ്രവർത്തന മേഖലയാണ്. വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. പ്രചാരണമാരംഭിക്കാൻ അല്പമെങ്കിലും അത് വിജയത്തെ ബാധിക്കില്ല. കഴിഞ്ഞ പത്തു വർഷമായുള്ള പിണറായി സർക്കാരിന്റെ ദുർഭരണത്തിന് അറുതി വരുത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും ടി.ഒ. മോഹനൻ പറഞ്ഞു.
ഇന്നലെ പുലർച്ചെ രണ്ടോടെ ഡൽഹിയിൽനിന്നു കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ. സുധാകരനെ നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചുമാണ് സ്വീകരിച്ചത്. മാധ്യമ പ്രവർത്തകരടക്കം സുധാകരനെ വിമാനത്താവളത്തിൽ കാത്തിരുന്നുവെങ്കിലും യാത്രാ ക്ഷീണമുണ്ടെന്നും പ്രതികരിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു സുധാകരൻ എടക്കാടെ വീട്ടിലേക്കു പോയത്.
ഇന്നലെ ടി.ഒ. മോഹനുമായി ചർച്ച നടത്തിയ ശേഷവും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
Kerala
കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇടതു മുന്നണി സ്ഥാനാർഥിയായി ആറാം തവണ ജനവിധി തേടുന്ന പത്തനാപുരം ശ്രദ്ധാകേന്ദ്രമാകുന്നു. മുൻതെരഞ്ഞെടുപ്പുകളിലേതു പോലെ ഒരു ഈസി വാക്കോവർ എന്നത് അസാധ്യമായ പത്തനാപുരത്ത് മന്ത്രിയെ അട്ടിമറിക്കാനാണ് ജ്യോതികുമാർ ചാമക്കാലയുടെ ലക്ഷ്യം.
ഇവിടെ എൻഡിഎ സ്ഥാനാർഥി ട്വന്റി ട്വന്റിയിലെ എസ്. അനിൽകുമാറാണ്. മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും മാനേജ്മെന്റ് വിദഗ്ധനുമാണ് അനിൽകുമാർ. കഴിഞ്ഞ തവണ തോറ്റെങ്കിലും വീടെടുത്ത് മണ്ഡലത്തിൽ സ്ഥിരം സാന്നിധ്യമായി മാറിയ ജ്യോതി കുമാർ ചാമക്കാലയാണ് ഇത്തവണയും ഗണേഷ് കുമാറിനെതിരെ മത്സരിക്കുന്നത്.
സ്ഥിരമായി ഒരു എതിരാളി ഇല്ലാത്തതാണ് ഗണേഷിന് ഗുണം ചെയ്യുന്ന ഒരു ഘടകമെന്ന വിലയിരുത്തലും ഇതോടെ ഇല്ലാതാകുകയാണ്. കഴിഞ്ഞ അഞ്ചുവർഷവും പത്തനാപുരം വിട്ടു ജ്യോതികുമാർ പോയിട്ടില്ലെന്നാണ് പ്രത്യേകത. കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും വിജയംനേടാനും സാധിച്ചു.തദ്ദേശതെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിലാണ് ചാമക്കാലയുടെ കണ്ണ്.
എട്ടു പഞ്ചായത്തുകളിൽ ഒരെണ്ണംമാത്രം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ നേടിയത് ആറെണ്ണം. 20 ബ്ലോക്ക് ഡിവിഷനുകളിൽ 16 എണ്ണം. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ടെണ്ണവും. കേരള കോണ്‍ഗ്രസിന് ആകെയുള്ളത് അഞ്ച് വാര്‍ഡുകളാണ്.വിവാദങ്ങളിൽനിന്നും വിവാദങ്ങളിലേക്കാണ് ഗണേഷ്കുമാറിന്റെ യാത്ര.
ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കാനായി ഗണേഷ് കുമാർ നടത്തിയ ചെയ്തികൾ പ്രചാരണ രംഗത്ത് സജീവ ചര്‍ച്ച വിഷയമാക്കി, പ്രവര്‍ത്തകരുടെ വികാരം ഇളക്കി വിടാനാണ് യുഡിഎഫ് ശ്രമം. പത്തനാപുരം എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി അഡ്ഹോക് കമ്മിറ്റിയെ ഭരണ ചുമതല ഏൽപ്പിച്ചത് അസാധാരണ നടപടിയായി.
ഭാര്യ ബിന്ദുവുമായിട്ടുള്ള പ്രശ്നം, അഴിമതി ആരോപണം, ഈ വിഷയം ഉന്നയിച്ച സമിതി അംഗം ആർ. വേണുകുമാറിന് കേരള കോൺഗ്രസ് പ്രവർത്തകരിൽനിന്ന് മർദനം..ഇതെല്ലാം വിവാദമായിരുന്നു.ഗണേശിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പത്തനാപുരത്ത് നടത്തിയ റാലിയിൽ നിന്ന് സിപിഎമ്മും സിപിഐയും വിട്ടു നിന്നതും ശ്രദ്ധേയമായി.
എന്നാൽ മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും പത്തനാപുരത്ത് താൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതെന്നുമാണ് ഗണേഷ്കുമാർ പറയുന്നത്.
കണക്കുകൾ എന്തെല്ലാം പറഞ്ഞാലും ഗണേശനെന്ന കൊമ്പനെ ചാമക്കാല തോട്ടിമുനയിൽ തളയ്ക്കുമോ എന്ന് കാത്തിരുന്നു കാണാം.
Leader Page
ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമായ തെരഞ്ഞെടുപ്പിനു കളം മുറുകി. രാഷ്ട്രീയ യുദ്ധക്കളത്തില്‍ പോരാളികള്‍ നിറഞ്ഞു. ഏറ്റവും കുറഞ്ഞ സമയത്തില്‍ പ്രചാരണവും വോട്ടെടുപ്പും പൂര്‍ത്തിയാക്കുന്ന തെരഞ്ഞെടുപ്പ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലുള്ള തെരഞ്ഞെടുപ്പു പ്രചാരണമില്ല. പഴയകാല രീതികള്‍ വിട്ട് പ്രഫഷണല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും നേതാക്കളുടെ ബ്രാന്‍ഡിംഗും ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുമെല്ലാം സജീവമാണ്.
നിര്‍മിതബുദ്ധിയെന്ന എഐയുടെ കാലത്തും പത്ര, ടെലിവിഷന്‍ മാധ്യമങ്ങള്‍ തന്നെയാണു സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാന ആശ്രയം. പഴയകാല ചുവരെഴുത്തുകളും പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും ഇപ്പോഴും കളം നിറയ്ക്കുന്നുണ്ട്. മൈക്ക് അനൗണ്‍സ്മെന്റുകള്‍ മാത്രമുണ്ടായിരുന്ന കാലം മാറി റോഡ് ഷോകള്‍ ഒഴിവാക്കാനാകാത്തതായി.
നിര്ണായകമീ ജനവിധി
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായകമാണ്. അഞ്ചിടങ്ങളിലും വോട്ടെടുപ്പ് ഏപ്രിലില്‍ ആണ്. ജനവിധി അറിയാന്‍ മേയ് നാലു വരെ കാത്തിരിക്കേണ്ടിവരും. കേരളത്തിലും പുതുച്ചേരിയിലും ആസാമിലും തിങ്കളാഴ്ചയാണു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സ്ഥാനാര്ഥികളാരെന്നു വ്യക്തമായതോടെ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരം ആവേശകരമായി.
പ്രചാരണത്തിനു സമയം തീരെയില്ലെന്നതടക്കം തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളോട് കോണ്‍ഗ്രസിനും സിപിഎമ്മിനും അതൃപ്തിയുണ്ട്. ഏപ്രില്‍ ഒമ്പതിനാണു മൂന്നിടത്തും വോട്ടെടുപ്പ്, തമിഴ്നാട്ടില്‍ ഏപ്രില്‍ 23നും. എട്ടു ഘട്ടങ്ങളായി 2021ല്‍ തെരഞ്ഞെടുപ്പു നടന്ന പശ്ചിമബംഗാളില്‍ ഇക്കുറി രണ്ടു ഘട്ടങ്ങളേയുള്ളൂ. ഏപ്രില്‍ 23, 29 തീയതികളിലാണു ബംഗാളില്‍ പോളിംഗ്. വിവാദ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നിലും മുന്നണികളും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തൃപ്തരല്ല.
ആയുധമാക്കി എസ്ഐആര്‍
എസ്ഐആറിനെതിരേ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പട ഇപ്പോഴും ശമിച്ചിട്ടില്ല. കേരളത്തിലും പ്രശ്നങ്ങളുണ്ട്. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അസാധാരണമായ എണ്ണം വോട്ടര്‍മാരെയാണു നീക്കിയത്. മൗലികാവകാശമായ വോട്ടവകാശം നഷ്ടമായവര്‍ നിരവധിയാണ്. ബംഗാളില്‍ 60 ലക്ഷത്തിലധികം വോട്ടര്‍മാരെയാണു നീക്കുന്നത്. എസ്ഐആര്‍ സമയത്തുണ്ടായ അപാകതകള്‍ക്കും പൊരുത്തക്കേടുകള്‍ക്കും തൃപ്തികരമായ വിശദീകരണങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിട്ടില്ല.
കേരളത്തിലെ എന്‍ഡിഎയില്‍ ചേര്‍ന്ന ട്വന്റി 20 പാര്‍ട്ടിയുടെ രണ്ടു വനിതാ സ്ഥാനാര്ഥികള്ക്കടക്കം എസ്ഐആറില്‍ വോട്ട് നഷ്ടമായവര്‍ക്കു നീതി നിഷേധിക്കപ്പെട്ടു. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ രണ്ടു സിനിമാ താരങ്ങള്‍ക്കും മത്സരിക്കാനായില്ല. വിവാഹിതരായ സ്ത്രീകള്‍ മുതല്‍ പ്രവാസികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ വരെ അര്‍ഹരായവര്‍ക്കും വോട്ട് നിഷേധിക്കപ്പെട്ടു.
അവിശ്വാസത്തില്‍ ഗ്യാനേഷ്
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിനു പ്രതിപക്ഷ എംപിമാര്‍ നല്കിയ നോട്ടീസ് നിലവിലിരിക്കെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തുന്നത്. രണ്ടു വര്‍ഷം മുമ്പെങ്കിലും നടപ്പാക്കേണ്ടിയിരുന്ന വോട്ടര്‍പട്ടിക പരിഷ്കരണം തെരക്കിട്ടു നടപ്പാക്കിയതില്‍ ക്രമക്കേടുകളും അനീതിയും ഉണ്ടെന്നു പ്രതിപക്ഷം കരുതുന്നു. ബിജെപിക്ക് അനുകൂലമായി കമ്മീഷന് പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണം ശക്തമാണ്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളെ കോടതികളില്‍ ചോദ്യംചെയ്യുന്നതു വിലക്കിക്കൊണ്ടു പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ പ്രത്യേക നിയമം പാസാക്കിയതോടെ, കമ്മീഷന്റെ നിഷ്പക്ഷതയുടെ മുഖംമൂടി അഴിഞ്ഞുവീണു. ഗ്യാനേഷ് ഉള്‍പ്പെടെ മൂന്നു കമ്മീഷണര്‍മാരുടെയും നിയമന സമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കാനും പ്രത്യേക നിയമം പാസാക്കിയതു ജനാധിപത്യ, ധര്‍മ പരിപാലനത്തിനാകില്ല! മോദിയും അമിത് ഷായും തെരഞ്ഞെടുത്ത കമ്മീഷണര്‍മാര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന വിചാരിക്കുന്നതുപോലും മണ്ടത്തരമാണ്. പോളിംഗ് ബൂത്തുകളിലെ സിസിടിവി, വീഡിയോ അടക്കമുള്ള തെളിവുകള്‍ 45 ദിവസം കഴിഞ്ഞാലുടന്‍ നശിപ്പിക്കുന്നതിലും സംശയങ്ങളേറെ.
ആസാമില്‍ ഹാട്രിക് ജയം?
അഞ്ചു സംസ്ഥാനങ്ങളില്‍ ആസാം ഒഴികെ നാലിടത്തും ബിജെപിക്കു താരതമ്യേന ശക്തി കുറവാണ്. അഞ്ചു സംസ്ഥാനങ്ങളിലുമായി 17.4 കോടി ആളുകള്‍ വോട്ടര്‍മാരുണ്ട്. കേരളത്തോടൊപ്പം വോട്ടെടുപ്പു നടക്കുന്ന ആസാമില്‍ ബിജെപിയുടെ ഹിമന്ത ബിശ്വ ശര്‍മയുടെ സര്‍ക്കാര്‍ ഹാട്രിക് വിജയത്തിനാണു ഒരുങ്ങുന്നത്. ഗൗരവ് ഗൊഗോയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തൊട്ടടുത്തുണ്ടെങ്കിലും വിജയം സ്വന്തമാക്കുക ദുഷ്കരമാകും.
കോണ്‍ഗ്രസ് എംപി പ്രദ്യുത് ബോര്ഡലോയി മുതല്‍ പിസിസി അധ്യക്ഷനായിരുന്ന ഭൂപന്‍ കുമാര്‍ ബോറ വരെയുള്ളവരുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം സൂചനയാകും. ആസാമിലെ 126 അംഗ സഭയില്‍ ഭൂരിപക്ഷം നേടാന്‍ നരേന്ദ്ര മോദിയുടെയും ഹിമന്ത ശര്‍മയുടെയും നേതൃത്വവും എസ്ഐആര്‍ അടക്കമുള്ള നടപടികളും ബിജെപിക്കു സഹായകമായേക്കും.
മമതയ്ക്കു വെല്ലുവിളി!
പശ്ചിമബംഗാളില്‍ തുടര്‍ച്ചയായ നാലാം ഭരണത്തിനാണു മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കോപ്പു കൂട്ടുന്നത്. എന്നാല്‍, 294 അംഗ നിയമസഭയില്‍ കഴിഞ്ഞ തവണ 77 സീറ്റ് നേടിയ ബിജെപിയും പ്രതീക്ഷയിലാണ്. സിപിഎമ്മും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞതാണു തൃണമൂലിനും ബിജെപിക്കും നേട്ടമായത്. ബംഗാളും ത്രിപുരയും നഷ്ടപ്പെട്ട സിപിഎമ്മിനും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ക്ഷയിച്ച കോണ്‍ഗ്രസിനും കേരളമെന്ന തുരുത്തെങ്കിലും പിടിക്കുകയെന്നതു നിലനില്പിന്റെ പ്രശ്നമാണ്.
പുതുച്ചേരിയില്‍ മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ ഓള് ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളുടെ സര്‍ക്കാരിനെ താഴെയിറക്കാമെന്ന മോഹത്തിലാണ് കോണ്‍ഗ്രസ്, ഡിഎംകെ, സിപിഐ സഖ്യം. സംസ്ഥാനത്തെ 30 സീറ്റുകളിലും ഇരുമുന്നണികളും നേരിട്ടുള്ള പോരാട്ടത്തിലാണ്. ചെറുസംസ്ഥാനമെങ്കിലും പുതുച്ചേരിയില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞാല്‍ അതും ഉത്തേജനമാകും.
തമിഴകത്ത് വാശിയേറെ
തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയെ താഴെയിറക്കാന്‍ അണ്ണാ ഡിഎംകെയ്ക്കു കഴിയുമോയെന്നതാണു ചോദ്യം. മുന്‍ മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, ബിജെപി, പിഎംകെ സഖ്യത്തിനു 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ അദ്ഭുതപ്പെടാനില്ല. കേരളത്തില്‍ പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും അതിര്‍ത്തി കടന്നാല്‍ ഭായി ഭായി ആണ്.
സിനിമാതാരം വിജയ്യുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പിടിക്കുന്ന വോട്ടുകളും സീറ്റുകളുമാകും നിര്‍ണായകം. ടിവികെ 15 ശതമാനം വോട്ടുകള്‍ പിടിച്ചാല്‍ ഡിഎംകെ മുന്നണിക്കു ക്ഷീണമാകും. മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്ന മറ്റൊരു പുതിയ പാര്‍ട്ടിയായ സീമന്‍ നേതൃത്വം നല്കുന്ന നാം തമിഴര്‍ കച്ചി (എന്‍ടികെ) നേടുന്ന വോട്ടുകളും പ്രബല മുന്നണികളുടെ ഉറക്കം കെടുത്തും.
Kerala
കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ മുൻ ബിജെപി നേതാവ് സന്ദീപ് വാര്യരെ തോല്പിക്കാൻ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്യണമെന്ന് സൈബർ ഹാൻഡിലുകളിലും ഗ്രൂപ്പുകളിലുംനിന്ന് വ്യാപക പ്രചാരണം.
സന്ദീപ് വാര്യരുടെ പോസ്റ്ററും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുനിലയും വച്ചുകൊണ്ടാണു പ്രചാരണം നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ടി.വി. ഷിബിന്‍ ലഭിച്ചത് 10,961 വോട്ടുകളാണ്.
ഇതിൽ ഒരൊറ്റ വോട്ടും പാഴാക്കാതെ എല്ലാം അരിവാളിനു ചെയ്യണമെന്നും എൽഡിഎഫ് സ്ഥാനാർഥിക്കു ലഭിക്കുന്ന വോട്ടുകൾ 10,962ൽ നിന്ന് എണ്ണിത്തുടങ്ങിയാൽ മതിയാകുമെന്നുമാണു പ്രചാരണം.
ഇത്തവണ തൃക്കരിപ്പൂരിൽ ബിജെപിക്ക് സ്വന്തമായി സ്ഥാനാർഥിയില്ല. എൻഡിഎ സഖ്യകക്ഷിയായ ട്വന്റി-20 യുടെ സ്ഥാനാർഥിയായി രവി കുളങ്ങരയാണു മത്സരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുമറിക്കണമെന്ന് ബിജെപിയുടെ ഔദ്യോഗിക പേജുകളിലൊന്നും പറയുന്നില്ലെങ്കിലും അണികളുടെ പൊതുവികാരമെന്ന നിലയിലാണ് സൈബർ ഗ്രൂപ്പുകൾ പ്രചാരണം നടത്തുന്നത്.
National
ന്യൂഡൽഹി: പതിവുപോലെ സർവം നാടകീയത. നിയമസഭാ സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പ്രസിദ്ധീകരിക്കാൻ ദിവസങ്ങളും മണിക്കൂറുകളും വൈകിയതോടെ ആകംക്ഷയും ആശങ്കയും ആശയക്കുഴപ്പവും മാത്രമല്ല, കോണ്‍ഗ്രസിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കൂടി. ഇന്നലെ രാത്രി വരെ അനിശ്ചിതത്വം തുടർന്നതോടെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുപോലെ സങ്കടത്തിലും രോഷത്തിലുമായി.
കണ്ണൂരിൽ മത്സരിക്കുമെന്ന മുതിർന്ന നേതാവ് കെ. സുധാകരന്റെ ശാഠ്യത്തിനു വഴങ്ങിയാലും വഴങ്ങിയില്ലെങ്കിലും പ്രശ്നമെന്നതായിരുന്നു സ്ഥിതി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കാമെന്നു രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉറപ്പു നൽകിയിരുന്നുവെന്നും പാലിക്കണമെന്നുമാണു സുധാകരൻ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗവും കെപിസിസി മുൻ അധ്യക്ഷനുമായ സുധാകരനു പുറമെ യുഡിഎഫ് കണ്‍വീനറായ അടൂർ പ്രകാശിന്റെ നിലപാടും ഹൈക്കമാൻഡിനെ വെട്ടിലാക്കി. സുധാകരന് പ്രത്യേക ഇളവു നൽകിയാൽ തനിക്കും വേണമെന്നതായിരുന്നു പ്രകാശിന്റെ ശാഠ്യം.
► സ്ഥാനാർഥി പ്രഖ്യാപനം നീണ്ടത് സുധാകരന്റെ ഭീഷണിമൂലം
സ്ഥാനാർഥിത്വം നിഷേധിച്ചാൽ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സുധാകരന്റെ ഭീഷണിയാണു മുഖ്യമായും കോണ്‍ഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നീട്ടിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള വടക്കൻ ജില്ലകളിലെ സ്ഥാനാർഥികളെയും ബാധിക്കുമോയെന്ന ഭയപ്പാടിലാണു നേതൃത്വം. സുധാകരനും പ്രകാശും സിറ്റിംഗ് എംപിമാരും മുൻ മന്ത്രിമാരും മുതിർന്ന നേതാക്കളുമാണെന്നത് എഐസിസി നേതൃത്വത്തെ വല്ലാതെ കുഴപ്പിച്ചു. കണ്ണൂരിൽ സുധാകരന്റെയും കോന്നിയിൽ പ്രകാശിന്റെയും നോമിനികൾക്ക് സീറ്റു നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി വിസമ്മതിച്ചതും ഇരുവരെയും ക്ഷോഭിപ്പിച്ചു.
കോണ്‍ഗ്രസ് എടുത്ത 95 സീറ്റുകളിൽ 40 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഏറെ വൈകിയതു നേതാക്കളിൽ മാത്രമല്ല, വോട്ടർമാർക്കിടയിലും അതൃപ്തിക്കു കാരണമായി. 55 സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പടലപിണക്കങ്ങളും സ്ഥാനാർഥിത്വത്തിനുള്ള വടംവലികളും കോണ്‍ഗ്രസിനു പുതുമയുള്ളതല്ലെങ്കിലും, ഇത്തവണത്തെ കൈവിട്ട കളികൾ പാർട്ടിയെ നാണക്കേടിലും പ്രതിരോധത്തിലുമാക്കി. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു വീരവാദം മുഴക്കിയ നേതാക്കളും വെട്ടിലായി.
► എംപിമാരുടെ കാര്യത്തിൽ പാർട്ടിക്കു ക്ഷീണം
എംപിമാർ മത്സരിക്കേണ്ടതില്ലെന്നു തീരുമാനമെടുത്ത എഐസിസി, കെപിസിസി നേതൃത്വങ്ങൾക്കും ഇക്കാര്യത്തിൽ പുനരാലോചന വേണ്ടിവന്നതു പാർട്ടിയുടെ നേതൃത്വത്തിനും ക്ഷീണമായി. അതിലേറെ, ആദ്യഘട്ടത്തിൽ ഒരു പേരിലേക്കെത്തിയ ചില മണ്ഡലങ്ങളിൽ പിന്നീട് അഴിച്ചുപണി നടത്തേണ്ടി വന്നതും പാർട്ടി ചട്ടക്കൂടിന്റെ ദൗർബല്യം തുറന്നുകാട്ടി. ചില മണ്ഡലങ്ങളുടെയും സ്ഥാനാർഥികളുടെയും കാര്യത്തിൽ പൊതുതീരുമാനങ്ങളും മാനദണ്ഡങ്ങളും ജയസാധ്യതപോലും മറികടക്കേണ്ടി വന്നു.
ഏറ്റവും മുതിർന്ന നേതാക്കൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും താത്പര്യങ്ങളും ഏറ്റുമുട്ടലുകളും മറ്റൊരു തലവേദനയായി.
ഇടുക്കിയിൽ ആദ്യവും പിന്നീടു പൂഞ്ഞാറിലും സീറ്റ് ലഭിച്ചുവെന്നു കരുതിയ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് ഒരിടത്തും സീറ്റ് നൽകാനായില്ല. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചു പദവി രാജിവയ്ക്കാനൊരുങ്ങിയ അലോഷ്യസിനെ പിന്നീടു പിന്തിരിപ്പിക്കാനായെന്നതു മാത്രമാണ് ആശ്വാസം. ഏറ്റുമാനൂർ സീറ്റ് ഏതാണ്ട് ഉറപ്പിച്ചിരുന്ന മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കൻ അവസാനം തഴയപ്പെട്ടതിൽ അദ്ദേഹവും അതൃപ്തി മറച്ചുവച്ചില്ല. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ ഏറ്റുമാനൂരിൽ ഉറപ്പിച്ചതാണു വാഴയ്ക്കനെ തഴയാൻ കാരണം.
കാഞ്ഞിരപ്പള്ളിയിൽ ആദ്യം പരിഗണിച്ച സുരേഷിനു പകരം പ്രഫ. റോണി കെ. ബേബിയെയും പൂഞ്ഞാറിൽ അഡ്വ. സജിയെയും സ്ഥാനാർഥിയാക്കി. കോന്നിയിൽ അടൂർ പ്രകാശ് നിർദേശിച്ച റോബിൻ പീറ്ററിനെ തള്ളി സതീഷ് കൊച്ചുപറന്പിലിനെയാണ് സ്ഥാനാർഥിയാക്കിയത്. കണ്ണൂരിൽ ടി.ഒ. മോഹനന് സീറ്റു നൽകിയതിലും കെ. സുധാകരൻ രോഷത്തിലാണ്.
ഇടുക്കിയിൽ റോയി കെ. പൗലോസിനെ സ്ഥാനാർഥിയായി തീരുമാനിച്ചതിനു തൊട്ടുപിന്നാലെ ജോയി വെട്ടിക്കുഴിക്കു വേണ്ടി പ്രബല വിഭാഗങ്ങൾ രംഗത്തെത്തിയതും തലവേദനയാണ്.
ജോയിക്കും അലോഷ്യസിനും ഒരുപോലെ സീറ്റു നിഷേധിക്കുന്നതു ജില്ലയിൽ തിരിച്ചടിയാകുമെന്ന ഭയം ഇനിയുള്ള ദിവസങ്ങളിൽ മറികടക്കാനാകുമെന്നാണു കണക്കുകൂട്ടൽ. പെരുന്പാവൂരിലെ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ തള്ളാനെടുത്ത തീരുമാനം ഇന്നലെ വൈകുന്നേരവും തിരുത്തിയില്ല. മനോജ് മൂത്തേടനായിരുന്നു തുടക്കം മുതൽ മുൻതൂക്കം. ചടയമംഗലം സീറ്റിൽ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖനെ സ്ഥാനാർഥിയാക്കുന്നതിനെ ഒരു വിഭാഗം എതിർത്തു.
Kerala
ആലുവ: പതിനഞ്ച് വർഷമായി സഹകരിച്ച് പ്രവർത്തിച്ചിട്ടും ഇതുവരെയും ഇടതു മുന്നണി ഘടകകക്ഷിയാക്കിയില്ലെന്നും പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിക്കുന്നില്ലെന്നുമുള്ള പരാതിയുമായി നാഷണൽ സെക്യൂലർ കോൺഫറൻസ്. ഇന്നലെ ആലുവയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് സീറ്റ് വിഭജന ചർച്ച വിലയിരുത്തിയത്.
കുന്ദമംഗലം, തിരൂർ, തൃക്കാക്കര എന്നീ സീറ്റുകളാണ് പാർട്ടി ആവശ്യപ്പെട്ടത്. എന്നാൽ, തൃക്കാക്കരയിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മറ്റ് രണ്ടു മണ്ഡലങ്ങളിൽ സ്വന്തം ചിഹ്നമായ ഗ്ലാസിൽ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടതായി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം. സണ്ണി ആലുവയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
അതിനിടെ തിരൂരിൽ മത്സരിക്കാൻ താനൂർ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ അബ്ദുറഹിമാന് സിപിഎം അനുമതി നൽകി. എന്നാൽ കഴിഞ്ഞ തവണത്തെ പോലെ ഇടതു സ്വതന്ത്രനായി മത്സരിക്കണമെന്നാണ് സിപിഎം വ്യവസ്ഥ. ഇത് പാർട്ടിയുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് ഭാരവാഹികൾ ആരോപിച്ചു.
Kerala
കോട്ടയം: പ്രചാരണത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇനിയുള്ള ദിവസങ്ങളില്‍ നന്നേ വിയര്‍ക്കും. പ്രചാരണത്തിന് മൂന്ന് ആഴ്ച തികച്ചില്ലെന്നിരിക്കേ 37 ഡിഗ്രി പകല്ച്ചൂടില് ഒരു വട്ടം മാത്രം ഓട്ടപ്രദക്ഷിണം നടത്തണം. നിയമസഭാ ഇലക്ഷനില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ ഇലക്ഷന് കമ്മീഷന് പരിധി വച്ചിരിക്കുന്നത് 40 ലക്ഷം രൂപയാണ്. 28 ലക്ഷം പരിധിയില്‍നിന്ന് തുക വര്‍ധിപ്പിച്ചത് 2022ലാണ്.
റംസാന്, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിങ്ങനെ നാല് അവധി ദിനങ്ങളാണ് ഇതിനിടെ വരുന്നത്. ഇതോടെ നാല് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. പക്ഷേ, പോരാട്ടം ആവേശത്തിന്റെ അവസാന ലാപ്പിലെത്തുമ്പോള്‍ ചെലവ് കോടികള്‍ കടക്കും. പോസ്റ്റര്‍, ബാനര്‍, ചുവരെഴുത്ത്, മൈക്ക് പ്രചാരണം, കണ്വന്ഷന്, റോഡ് ഷോ, കൊട്ടിക്കലാശം എന്നിങ്ങനെ ദിവസവും നാലഞ്ചു ലക്ഷങ്ങള്‍ സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ വാരിയെറിയുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.
പരസ്യപ്രചാരണത്തിന് ഇനി രണ്ടാഴ്ചയേ ബാക്കിയുള്ളൂ. ഓശാന ഞായര്‍കൂടി കൂട്ടിയാല്‍ അഞ്ച് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. ഞായറാഴ്ചകളാണ് എല്ലാ തെരഞ്ഞെടുപ്പുകളുടെയും പ്രചാരണത്തിന്റെ നിര്‍ണായക ദിനം. എന്നാല്‍ ഇനിയുള്ള മൂന്നു ഞായറാഴ്ചകളില്‍ ഓശാനയും ഈസ്റ്ററും വരുന്നതോടെ ആ ദിവസത്തെ പ്രചാരണം മന്ദഗതിയിലാകും.പ്രചാരണ ദിവസങ്ങള്‍ കുറഞ്ഞത് ഒരു പരിധിവരെ സ്ഥാനാര്‍ഥിക്ക് ചെലവ് കുറയാന്‍ സഹായകരമാകുമെങ്കിലും അധ്വാനം ഏറുമെന്നതാണ് പരിമിതി.
നിയോജകമണ്ഡലം പരിധിയിലെ ഓരോ ബൂത്തിലേക്ക് വരെ ചെലവുകാശു നല്‍കേണ്ട സാഹചര്യത്തില്‍ ചെറുതല്ല ഇലക്ഷന് ബാധ്യത. മണ്ഡലത്തിന്റെയും എതിര് സ്ഥാനാര്‍ഥിയുടെയും വലിപ്പം അനുസരിച്ച് ചെലവില്‍ വ്യതിയാനം വരും. 10 മുതല്‍ 14 വരെ ഗ്രാമ പഞ്ചായത്തുകളോ കോര്പറേഷന്, നഗരസഭാ വാര്‍ഡുകളോ ഉള്‍പ്പെടുന്നതാണ് ഓരോ നിയമസഭാ മണ്ഡലവും. മലയോരമേഖലയിലെ പ്രചാരണം സ്ഥാനാര്‍ഥികള്‍ക്ക് ഏറെ ദുഷ്കരമാണ്. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള സാമ്പത്തിക സഹായവും ഇലക്ഷന് ഫണ്ടുമാണ് പ്രധാന വരുമാനം.
പശ്ചിമേഷ്യന്‍ സംഘര്‍ഷസാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിൽനിന്നു പണം വരവ് നന്നായി കുറയും. ഗള്‍ഫിലെ സുഹൃത്തുക്കളുടെ സംഭാവന നിലയ്ക്കുമ്പോള്‍ ആ ബാധ്യതയും സ്ഥാനാര്‍ഥി ഏറ്റെടുക്കണം.കേരളത്തില്‍ നിയമസഭാ ഇലക്ഷന് ആദ്യഘട്ടത്തിലായതും അല്പം ആശ്വാസമായി. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ ആയിരുന്നെങ്കില്‍ ചെലവ് എട്ടു പത്തും കോടികള്‍ കടന്നേനേ. റോഡ് ഷോയ്ക്കും കൊട്ടിക്കലാശത്തിനുമാണ് ചെലവ് ഏറുക. വാഹനച്ചെലവും ഭാരിച്ചതാണ്.
ഇത്തരത്തില്‍ പോളിംഗ് ദിവസത്തേക്കു മാത്രം അര കോടിയോളം രൂപയാണ് ഓരോ മണ്ഡലത്തിലും വേണ്ടിവരിക.മുന്നണി സ്ഥാനാര്‍ഥികളുടെ പൊതുവായ ചെലവുകള്‍ അതാത് പാര്‍ട്ടികള്‍ വഹിക്കുമെങ്കിലും നല്ലൊരു വിഹിതം ഓരോ സ്ഥാനാര്‍ഥിയും കണ്ടെത്തണം. പാചക വാതക ക്ഷാമം ഇലക്ഷന് പ്രചാരണത്തെ ഇക്കുറി സാരമായി ബാധിക്കും.
ഹോട്ടലുകള്‍ അടഞ്ഞതോടെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തണം. എന്നാല്ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്കും മറ്റ് പ്രചാരണ ഉപാധികള്‍ക്കും ഇലക്ഷന് കാലം വലിയ നേട്ടമാണ്. അച്ചടിശാലകള്‍ രണ്ടു ദിവസമായി 24 മണിക്കൂറും പ്രവര്‍ത്തനത്തിലാണ്. ഫ്ളക്സ് തയാറാക്കുന്ന സാഹചര്യത്തില്‍ അറക്കമില്ലുകളില് പാഴ്തടിക്കും വിലയേറിയിട്ടുണ്ട്.
National
ന്യൂഡൽഹി: കേരളത്തിലെ സിറ്റിംഗ് എംഎൽഎമാരിൽ പകുതിയിലധികം പേർ കോടീശ്വരന്മാർ. എംഎൽഎമാരിൽ 70 ശതമാനം പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) പഠനറിപ്പോർട്ടിൽ പറയുന്നു.
മൂന്ന് എംഎൽഎമാർ ബലാത്സംഗം ഉൾപ്പെടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്.കേരളത്തിലെ 132 സിറ്റിംഗ് എംഎൽഎമാർ നൽകിയ സത്യവാങ്മൂലങ്ങളിൽനിന്നാണു പത്തിൽ ഏഴു പേർക്കെതിരേയും ക്രിമിനൽ കേസുകൾ തീർപ്പാകാതെ ശേഷിക്കുന്നതായി കണ്ടെത്തിയത്. ആകെ 92 എംഎൽഎമാർക്കെതിരേയാണു ക്രിമിനൽ കേസുകളുള്ളത്. ഇതിൽ 33 എംഎൽഎമാർ (25%) കൊലപാതകം, കൊലപാതകശ്രമം എന്നിവയുൾപ്പെടെ ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
രണ്ട് എംഎൽഎമാർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായാണ് സിറ്റിംഗ് എംഎൽഎമാരുടെ തന്നെ സത്യവാങ്മൂലങ്ങളിലെ വിവരം ക്രോഡീകരിച്ച് എഡിആർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.സത്യവാങ്മൂലം ലഭ്യമായ 132 പേരിൽ 72 എംഎൽഎമാർ (55 %) ഒരു കോടി രൂപയിൽ കൂടുതൽ ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്. 2016ൽ ഇത് 44 ശതമാനമായിരുന്നു. നിലവിലെ 132 എംഎൽഎമാരുടെയും ആകെ ആസ്തി 363.78 കോടി രൂപയാണ്. കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ്, ജെഡിഎസ്, എൻസിപി പാർട്ടികളിലെ എല്ലാ എംഎൽഎമാർക്കും ഒരു കോടിയിൽ കൂടുതലാണ് ആസ്തി. മുസ്ലിം ലീഗിലെ 86 ശതമാനവും കോണ്‍ഗ്രസിലെ 62 ശതമാനവും സിപിഎമ്മിലെ 40 ശതമാനവും എംഎൽഎമാർ കോടീശ്വരന്മാരാണ്.
മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടനാണ് കേരളത്തിലെ ഏറ്റവും ധനികനായ എംഎൽഎ. 34 കോടി രൂപയിൽ കൂടുതലാണ് കുഴൽനാടന്റെ ആസ്തി. 27 കോടി രൂപയിൽ കൂടുതൽ ആസ്തി പ്രഖ്യാപിച്ച പാലാ എംഎൽഎ മാണി സി. കാപ്പനാണു രണ്ടാം സ്ഥാനം. മന്ത്രിയും സിനിമാതാരവുമായ കെ.ബി. ഗണേഷ് കുമാറാണു മൂന്നാം സ്ഥാനത്ത്. 19 കോടി രൂപയിൽ കൂടുതൽ സന്പത്തുണ്ടെന്നാണു ഗണേഷ് വെളിപ്പെടുത്തിയത്. പത്തു ലക്ഷം രൂപയിൽ താഴെ (9.9 ലക്ഷം രൂപ) ആസ്തിയുള്ള സിപിഎമ്മിലെ പി.പി. സുമോദ് ആണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള എംഎൽഎ ക്രിമിനൽ കേസുള്ള എംഎൽഎമാർ കൂടുതൽ സിപിഎമ്മിലാണ്. പാർട്ടിയിലെ 58 എംഎൽഎമാരിൽ 43 പേർ (74 ശതമാനം) ക്രിമിനൽ കേസുകൾ നേരിടുന്നവരായിരുന്നു. കോണ്‍ഗ്രസിന്റെ 21 എംഎൽഎമാരിൽ 19 (90 ശതമാനം) പേർക്കുമെതിരേ ക്രിമിനൽ കേസുകളുണ്ട്. സിപിഐയിലെ 44 ശതമാനവും മുസ്ലിം ലീഗിലെ 86 ശതമാനവും എംഎൽഎമാരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു.
കേരളത്തിലെ ജനപ്രതിനിധികളിൽ 61 ശതമാനം പേരും ബിരുദാനന്തര ബിരുദമോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. അഞ്ചിനും 12-ാം ക്ലാസിനും ഇടയിൽ മാത്രം പഠിച്ചവരാണ് 36 ശതമാനം എംഎൽഎമാർ.
Kerala
തൃശൂർ: ടി.എൻ. പ്രതാപനു തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്കായി ഒന്നേമുക്കാൽ പവന്റെ സ്വർണവള ഊരിക്കൊടുത്ത് പഞ്ചായത്ത് പ്രസിഡന്റ്.
മണലൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ ടി.എൻ. പ്രതാപനു വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബാണ് സ്വർണവള സമ്മാനിച്ചത്.ഇന്നലെ തൃശൂർ കളക്ടറേറ്റിൽ നാമനിർദേശപത്രിക സമർപ്പണത്തിനുശേഷം താഴേക്കിറങ്ങുന്പോഴായിരുന്നു ഉപഹാരസമർപ്പണം. ഗ്രേസി വളയുമായി എത്തിയപ്പോൾ പ്രതാപൻ കൈകൾ വള അണിയിക്കാനായി നീട്ടിക്കൊടുത്തു.
പകുതി കൈയിൽ കയറിയ വള തിരിച്ചെടുത്ത് അദ്ദേഹം പോക്കറ്റിൽ ഇട്ടു. 2019ലെ തൃശൂർ പാർലമെന്റ് തെരഞ്ഞെടുപ്പ് കണ്വെൻഷൻ കെ. കരുണാകരൻ സ്മാരക ടൗണ്‍ഹാളിൽ നടക്കുന്നതിനിടെ മഹിളാ കോണ്‍ഗ്രസ് നേതാവ് ചെന്പൂരി ചക്കിപ്പെണ്ണ് കൈകളിൽ അണിഞ്ഞിരുന്ന വള ഊരിനൽകിയ സംഭവം പ്രതാപൻ മാധ്യമങ്ങളെ ഓർമിപ്പിച്ചു.
ജനങ്ങൾ നൽകുന്ന സംഭാവനകളാണ് യുഡിഎഫ് ക്യാന്പിന്റെ ഊർജമെന്നും അദ്ദേഹം പറഞ്ഞു. ഗ്രേസി ജേക്കബിന്റെ പ്രവൃത്തി ആത്മാർപ്പണമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ചാത്തന്നൂര്‍: ജെന്‍സി വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും പ്രതീക്ഷകള്‍ മാറ്റിമറിക്കാന്‍ സാധ്യത.
മുൻഗണന തൊഴിലിനും വികസനത്തിനും
പ്രത്യേകിച്ച് ഒരു രാ ഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്തവരാണ് ഈ ഭൂരിപക്ഷം പേരും. ശാസ്ത്ര സാങ്കേതിക മേഖലയില്‍ പഠനം നേടിയവരും മെച്ചപ്പെട്ട തൊഴില്‍ ആഗ്രഹിക്കുന്നവരുമാണ്.
മെച്ചപ്പെട്ട തൊഴിലും വികസനവുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ വാഹന നിര്‍മാണ കമ്പനികളും മൊബൈല്‍ നിര്‍മാണ കമ്പനികളും വന്‍കിട ഫാക്ടറികളും പതിനായിരക്കണക്കിന് യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരവും വേതനവും നൽകുമ്പോള് കേരളത്തില്‍ ഇത്തരത്തില്‍ എന്ത് വ്യവസായ സംരംഭം ഉണ്ടെന്നാണ് അവരുടെ ചോദ്യം. പുതിയ തലമുറയില്‍ ഒരു വിഭാഗം ആത്മീയ പരിപാടികളിലും ഭജനുകളിലും കൂട്ടത്തോടെ പങ്കെടുക്കുന്നു.
നവമാധ്യമങ്ങളിലെ സ്വാധീനം
പ്രഫഷണല്‍ ബിരുദങ്ങള്‍ നേടിയവരും ടെക്കികളും ഈ കൂട്ടങ്ങളില്‍ അധികമാണ്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഇക്കൂട്ടർ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ വ്യക്തമായി മനസിലാക്കുന്നവരാണ്. അതിനാൽത്തന്നെ ഇവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ല. ന്യൂനപക്ഷമായ ഈ വിഭാഗം നിശബ്ദമായിട്ടായിരിക്കും പോളിംഗ് ബൂത്തില്‍ പ്രതികരിക്കുക.
ജെന്‍സി വിഭാഗത്തെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയകളിലും ഡിജിറ്റല്‍ മാര്‍ഗങ്ങളിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെടല്‍ നടത്തുന്നുണ്ട്.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലമായതിനാൽ സമൂഹ മാധ്യമ ഉപയോഗത്തിൽ മുന്നറിയിപ്പുമായി പോലീസ്.
സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വരുന്ന മെസേജുകള്‍, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കണമെന്നും നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകൾ ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് സേന മുന്നറിയിപ്പ് നല്കി.സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് അഡ്മിൻ നിയമനടപടി നേരിടേണ്ടി വരും.
അഡ്മിൻമാർ ശ്രദ്ധിക്കാൻ
ജാതി, മതം, വർഗം എന്നിവയുടെ പേരിൽ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. വോട്ടെടുപ്പ് തീയതി, സ്ഥാനാര്‍ഥികള്‍, വർഗീയ സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത "വ്യാജ വാർത്തകൾ'പ്രചരിപ്പിക്കരുത്.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തുടങ്ങുന്ന "സൈലൻസ് പീരിയഡിൽ'യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സമൂഹ മാധ്യമം വഴി നടത്തരുത്. സമൂഹ മാധ്യമ ഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകൾക്ക് അഡ്മിൻമാർ നേരിട്ട് ഉത്തരവാദികൾ ആയിരിക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
എന്നാല്‍ നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ നൽകുക, വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അഡ്മിൻ കൂട്ടുനിൽക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയോ ചെയ്യുക. പോലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക തുടങ്ങിയ കേസുകളില്‍ അഡ്മിന്മാര് ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്ന് പോലീസ് വ്യക്തമാക്കുന്നു.
National
ന്യൂഡൽഹി: പല സീറ്റുകളിലും അഴിച്ചും മുറുക്കിയും പലവട്ടം ശ്രമിച്ചിട്ടും കാര്യങ്ങൾ നേരേയാകാത്തതാണ് കോൺഗ്രസ് രണ്ടാം സ്ഥാനാർഥി ലിസ്റ്റിനെ ത്രിശങ്കുവിലാക്കിയത്. അതിനിടെ, സ്ഥാനാർഥിനിർണയത്തിൽ ചില അതൃപ്തികളുണ്ടെങ്കിലും പാർട്ടിക്കു വഴങ്ങുമെന്ന് കോഴിക്കോട് എംപി എം.കെ. രാഘവൻ വ്യക്തമാക്കിയതു നേതൃത്വത്തിന് ആശ്വാസമായി. എംപിമാർക്കു നിയമസഭാസീറ്റ് നൽകരുതെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഇന്നലെയും പരസ്യനിലപാട് ആവർത്തിച്ചത് സുധാകരനെ ലക്ഷ്യമിട്ടാണെന്നു വ്യക്തം.
കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് സീറ്റ് നൽകിയേ മതിയാകൂവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിലപാടെടുത്തു. മുതിർന്ന വനിതാനേതാവായ ദീപ്തി മേരി വർഗീസിന് സീറ്റ് നൽകേണ്ടതുണ്ടെന്നും വാക്കു മാറാനാകില്ലെന്നും മറ്റു നേതാക്കളും ഓർമിപ്പിച്ചു.
എറണാകുളം ജില്ലാ കോണ്‍ഗ്രസിൽ മികച്ച പ്രകടനം നടത്തിയതിനാൽ ഷിയാസിനെ തഴയാനാകില്ലെന്ന വാദത്തോട് കെ.സി. വേണുഗോപാൽ അടക്കമുള്ളവരും വിയോജിച്ചില്ല. ഷിയാസിനും ദീപ്തിക്കും ഒരുപോലെ സ്ഥാനാർഥിത്വം ഉറപ്പാക്കാൻ ജില്ലയിലെ മറ്റു സീറ്റുകളിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്നതും പ്രശ്നമായി. ടി.ജെ. വിനോദ്, ഉമാ തോമസ്, റോജി എം. ജോണ്‍, മാത്യു കുഴൽനാടൻ, അൻവർ സാദത്ത് എന്നീ സിറ്റിംഗ് എംഎൽഎമാരെ മാറ്റാനാകില്ലെന്നതിനാൽ ഇത്തരം ആലോചനകൾ തുടക്കത്തിലേ ഉപേക്ഷിച്ചു.
പെരുന്പാവൂരിലെ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് വീണ്ടും സ്ഥാനാർഥിത്വം നൽകുന്നത് രാഷ്ട്രീയമായും നിയമപരമായും തിരിച്ചടിക്കുമെന്ന വാദവും ശക്തമായതോടെ പരിഹാരം അകന്നു. എൽദോസിനെ മാറ്റിയാൽ പകരം യാക്കോബായ സമുദായത്തിൽനിന്നു തന്നെയുള്ള ഉല്ലാസ് തോമസിന് സീറ്റു നൽകണമെന്ന് ഒരുവിഭാഗം വാദിച്ചപ്പോൾ മണ്ഡലത്തിലെ മറ്റൊരു പ്രബലവിഭാഗമായ സീറോമലബാർ സഭാംഗമായ മനോജ് മൂത്തേടന് സീറ്റ് നൽകണമെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ചും ഏകാഭിപ്രായം ഉണ്ടായില്ല. ജോസഫ് വാഴയ്ക്കന് ഏറ്റുമാനൂർ മതിയെന്ന് അറിയിച്ചതോടെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് കാഞ്ഞിരപ്പള്ളി കൊടുക്കാതെ തരമില്ലാതെ വന്നു.
പൂഞ്ഞാറിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനുതന്നെയായിരുന്നു അവസാനം വരെ മുൻതൂക്കം. കഴിഞ്ഞതവണ മത്സരിച്ചു മൂന്നാം സ്ഥാനത്തു പോയതിനാൽ മുൻ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്നു സ്ക്രീനിംഗ് കമ്മിറ്റിയിൽത്തന്നെ തീരുമാനിച്ചു. ഇടുക്കിയിൽ റോയി കെ. പൗലോസിനെയാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജോയി വെട്ടിക്കുഴിക്കുവേണ്ടി സമ്മർദ്ദം മുറുകിയപ്പോൾ ആ സീറ്റും അനിശ്ചിതത്വത്തിലായി.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും 17.4 കോടി വോട്ടർമാർ ഉണ്ടെന്നാണു കമ്മീഷന്റെ കണക്ക്. ഇതനുസരിച്ച് 70 വോട്ടർമാർക്ക് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നനിലയിലാണു വിന്യാസം.
15 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 8.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ, 40,000 കൗണ്ടിംഗ് ഉദ്യോഗസ്ഥർ, 49,000 സൂക്ഷ്മ നിരീക്ഷകർ, 21,000 സെക്ടർ ഓഫീസർമാർ, വോട്ടെണ്ണലിന് 15,000 സൂക്ഷ്മ നിരീക്ഷകർ എന്നിങ്ങനെയാണ് 25 ലക്ഷം ഉദ്യോഗസ്ഥരെ കമ്മീഷൻ നിയമിച്ചിരിക്കുന്നത്.
ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 832 നിയമസഭാ മണ്ഡലങ്ങളിൽ 1111 കേന്ദ്ര നിരീക്ഷകരെയും കമ്മീഷൻ നിയമിച്ചിട്ടുണ്ട്. ഇതിൽ 557 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും.
188 പേർ പോലീസ് ഒബ്സർവർമാരാണ്. 366 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് സംബന്ധമായ ചെലവുകൾ നിരീക്ഷിക്കും. ഈ ഉദ്യോഗസ്ഥർ ഇതിനോടകം അതത് നിയോജകമണ്ഡലങ്ങളിൽ ചുമതലയേറ്റെടുത്തതായി തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
Kerala
മലപ്പുറം: യുഡിഎഫിൽ രൂപം കൊണ്ട അസംതൃപ്തി ഇടതുപക്ഷത്തിന് അനുകൂലമാക്കാൻ ശ്രമം നടക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.
രൂപപ്പെട്ടുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളോട് എൽഡിഎഫ് പോസീറ്റീവായി പ്രതികരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങളിൽ തീരുമാനം മുന്നണിയിൽ ആലോചിക്കും. മലപ്പുറത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥി പ്രഖ്യാപനം വന്നാൽ കോണ്‍ഗ്രസിൽ പ്രതിസന്ധികളുണ്ടാകുന്നതു സാധാരണമാണ്. അതിപ്പോൾ മുസ്ലിം ലീഗിലേക്കും വ്യാപിച്ചു കഴിഞ്ഞുവെന്നാണ് മസസിലാക്കുന്നത്. പാണക്കാട്ടുനിന്നു സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ പിന്നെ ലീഗിൽ അതിന് എതിർ അഭിപ്രായമുണ്ടാകാറില്ലെന്നാണു കേട്ടിട്ടുള്ളത്. വസ്തുത അതല്ലെങ്കിലും അത്തരമൊരു ഇമേജ് ഉണ്ടാക്കിയിരുന്നു. ആ ഇമേജാണ്
തകർന്നിരിക്കുന്നത്. യുഡിഎഫിന് ഒരുമിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. മുസ്ലിം ലീഗ് പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ പ്രതിരോധിച്ചു നിന്ന ആളാണ് അബ്ദുറഹ്മാൻ രണ്ടത്താണി.
അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിന്റെ പ്രധാനമുഖമാണ്. അദ്ദേഹത്തെ പോലുള്ള ഒരാളുടെ അസംതൃപ്തി ചെറിയ കാര്യമല്ലെന്ന് ഓർക്കണം. കേരളത്തിൽ ഇടതുപക്ഷ അനുകൂല സാഹചര്യമാണ്. മലപ്പുറം ജില്ലയിൽ ഇടതുപക്ഷ എംഎൽഎമാരുടെ എണ്ണം കൂടുമെന്നും വിജയരാഘവൻ പറഞ്ഞു.
Kerala
മലപ്പുറം: സ്ഥാനാർഥിപ്രഖ്യാപനത്തിനു പിന്നാലെ മുസ്ലിം ലീഗിൽ ഉടലെടുക്കുന്ന വിമതനീക്കം മുതലെടുക്കാൻ ഇടതുപക്ഷത്തിന്റെ ശ്രമം. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികക്കെതിരേ പാർട്ടിക്കുള്ളിൽനിന്നു തന്നെ എതിർപ്പുകൾ ഉയരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയിൽ പി.എം.എ. നിയാസ്, ഫാത്തിമ തഹലിയ, ജയന്തി രാജൻ എന്നിവരുടെ സ്ഥാനാർഥിത്വമാണു പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്.
ഫാത്തിമയുടെയും ജയന്തിയുടെയും സ്ഥാനാർഥിത്വത്തെ ചോദ്യംചെയ്ത് വനിതാലീഗ് നേതാവ് നൂർബിന റഷീദ് രംഗത്തെത്തിയപ്പോൾ തിരൂരങ്ങാടിയിലെ സ്ഥാനാർഥിക്കെതിരേ ലീഗിന്റെ മുൻ എംഎൽഎ ആയ അബ്ദുറഹ്മാൻ രണ്ടത്താണിയാണ് രംഗത്തെത്തിയിട്ടുള്ളത്. ലീഗ് സംസ്ഥാന സെക്രട്ടറിയായ ഷാഫി ചാലിയവും നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്.
പുതിയ സംഭവ വികാസങ്ങളെ മുതലെടുക്കാൻ സിപിഎം നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗ് വിട്ട് വന്നാൽ ഇടതുമുന്നണി സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ മത്സരിപ്പിച്ചേക്കുമെന്നാണു സൂചന. ഇടതുമുന്നണിയിൽ സിപിഐ മൽസരിക്കുന്ന സീറ്റാണിത്.
അബ്ദുറഹ്മാൻ രണ്ടത്താണി ഇടതു സ്വതന്ത്രനായി മൽസരിക്കുമെങ്കിൽ ഈ സീറ്റ് വിട്ടു കൊടുക്കാൻ സിപിഐ തയാറാകും. ലീഗിന്റെ സ്ഥാനാർഥിനിർണയത്തെ വിമർശിച്ച് അബ്ദുറഹ്മാൻ രണ്ടത്താണി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹത്തെ സിപിഎം നേതാക്കൾ ബന്ധപ്പെടുകയും സീറ്റ് ഓഫർ ചെയ്യുകയുമായിരുന്നു. തിരൂരങ്ങാടിയിൽ അബ്ദുറഹ്മാൻ രണ്ടത്താണി മൽസരിച്ചാൽ മുസ്ലിം ലീഗിന് കടുത്ത വെല്ലുവിളി ഉയർത്താനാകുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ചില മാറ്റങ്ങൾക്കു സാധ്യത ഉയരുന്നുണ്ട്. മന്ത്രി വി.അബ്ദുറഹ്മാൻ തിരൂരിൽ മത്സരിക്കാനാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്. നിലവിൽ താനൂരിലാണ് അബ്ദുറഹ്മാനെ പ്രഖ്യാപിച്ചിട്ടുള്ളത്. അദ്ദേഹം തിരൂരിലേക്കു മാറിയാൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിലേക്കും പരിഗണിച്ചേക്കും.
അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗ് വിട്ടു പോകില്ലെന്നാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചത്. അബ്ദുറഹ്മാനുമായി ലീഗിന്റെ പ്രതിനിധികൾ ചർച്ച നടത്തിവരുന്നുണ്ട്. അദ്ദേഹത്തെ അനുനയിപ്പിക്കാൻ കഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായൊരു വെല്ലുവിളി ഒഴിവാക്കാൻ ലീഗിനു കഴിയും.
മലപ്പുറം ജില്ലയിൽ യുഡിഎഫിലെ അതൃപ്തരെ സ്ഥാനാർഥികളാക്കി വിജയം നേടുന്ന തന്ത്രം സിപിഎം ഏറെ കാലമായി പരീക്ഷിക്കുന്നതാണ്.മുന്‍പ് കുറ്റിപ്പുറത്ത് കെ.ടി. ജലീൽ, താനൂരിൽ വി.അബ്ദുറഹ്മാൻ, നിലന്പൂരിൽ പി.വി.അൻവർ തുടങ്ങിയവരെയെല്ലാം യുഡിഎഫ് പാളയത്തിൽ നിന്ന് അടർത്തിയെടുത്താണ് സിപിഎം മൽസരിപ്പിച്ച് വിജയിച്ചത്. ഇത്തവണ അബ്ദുറഹ്മാൻ രണ്ടത്താണിയിലൂടെ ചരിത്രം ആവർത്തിക്കാനാണ് അവർ ശ്രമിക്കുന്നത്.
Kerala
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എല്ലാ മുന്നണികളുടെയും വെട്ടിനിരത്തലിനു വിധേയരാകുന്നത് വനിതകളാണെങ്കിലും ഇതിനു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. പതിവിനു വിപരീതമായി മുസ്ലിം ലീഗ്, വനിതകൾക്ക് രണ്ടു സീറ്റ് നല്കി. അതിനാൽത്തന്നെ സംവരണത്തിന്റെ പിൻബലമില്ലാതെ വനിതകൾ പ്രധാന മുന്നണികളുടെ മുന്നണിപ്പോരാളികളാകുന്ന ചിത്രം കൗതുകമുളവാക്കുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മുന്നണികളുടെ സ്ഥാനാർഥികളായി ഇതുവരെ പ്ര ഖ്യാപിച്ച സ്ഥാനാർഥി ലിസ്റ്റ് പ്രകാരം വനിതകൾ തമ്മിൽ മാറ്റുരയ്ക്കുന്നത് മൂന്ന് മണ്ഡലങ്ങളിൽ. അരൂരിൽ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനും സിപിഎമ്മിന്റെ ദെലീമ ജോജോയും ഏറ്റുമുട്ടുമ്പോൾ തൃക്കാക്കരയിൽ ഉമാ തോമസും (കോൺഗ്ര സ് ) , പുഷ്പാദാസും(സിപിഎം) തമ്മിലാണ് മത്സരം.
കോങ്ങാടാണ് വനിതകൾ അങ്കം കുറിക്കുന്ന മറ്റൊരു മണ്ഡലം. അവിടെ സിറ്റിംഗ് എംഎൽഎ സിപിഎമ്മിന്റെ കെ. ശാന്തകുമാരിയും കോൺഗ്രസിന്റെ കെ. എ. തുളസിയും ഗോദയിലുണ്ട്.
അരൂർ
ഷാനിമോൾ x ദെലീമ
അരൂരിൽ വീണ്ടും വനിതാ പോരാട്ടത്തിതിനു കളമൊരുങ്ങുകയാണ്. 2021ലെ തെരഞ്ഞെടുപ്പിലും ഷാനിമോളും ദെലീമയും തമ്മിലായിരുന്നു മത്സരം. ഇടതു തരംഗത്തിൽ 6154 വോട്ടിനു ഷാനിമോൾ പരാജയപ്പെട്ടു. എന്നാൽ അതിനു മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ വിജയിക്കാൻ ഷാനിമോൾക്ക് കഴിഞ്ഞിരുന്നു. ഇടതു പക്ഷത്തിനു മേൽക്കോയ്മയുള്ള മണ്ഡലം കോൺഗ്രസിനു വേണ്ടി പിടിച്ചെടുത്ത ക്രെഡിറ്റും അവർക്കുണ്ട്.
മണ്ഡലത്തിലെ സിറ്റിംഗ് എംൽഎ ആയ ദെലീമ വികസന പ്രവർത്തനങ്ങളുടെ പേരിലാണ് വോട്ടു ചോദിക്കുന്നത്. എന്നാൽ, കഴിഞ്ഞ തവണ ഇടതു തരംഗത്തിൽ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എന്തായാലും കനത്ത മത്സരം തന്നെയാകും അരൂരിൽ ഇത്തവണ നടക്കുക.
Kerala
പുതുപ്പള്ളി: ഉമ്മൻ ചാണ്ടി അന്ത്യവിശ്രമംകൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിച്ചു കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി.
ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ സ്ഥാനാര്‍ഥികള്‍ തിരി തെളിച്ചു പ്രാര്‍ഥനയില്‍ പങ്കെടുത്തു.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ മോന്‍സ് ജോസഫ്, അപു ജോണ്‍ ജോസഫ്, ഷിബു തെക്കുംപുറം, തോമസ് ഉണ്ണിയാടന്, വര്‍ഗീസ് മാമ്മന്‍, റെജി ചെറിയാന്, വിനു ജോബ്, ഷൈജി ഓട്ടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാനാര്‍ഥികളെ ചാണ്ടി ഉമ്മന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ച് വിജയാശംസകള്‍ നേര്‍ന്നു.
ഉമ്മൻ ചാണ്ടിയുടെ സ്മരണകളുടെ കരുത്തില്‍ സംസ്ഥാനത്ത് യുഡിഎഫിന് വിജയം സുനിശ്ചിതമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയും പങ്കെടുത്തു.
Kerala
തൃശൂർ: തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്നു പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു രാഷ്ട്രീയമായി ഗുണകരമാകുന്ന തീരുമാനമെടുക്കാനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നതെന്നും വിജയസാധ്യത മാത്രമാണ് സിപിഎമ്മിന്റെ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ കേരള കോൺഗ്രസുമായി നടത്തിയ ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. അവർ ചില പേരുകൾ മുന്നോട്ടുവച്ചെങ്കിലും അക്കാര്യത്തിൽ ധാരണയിലെത്തിയിട്ടില്ല. നേതാക്കൾ നിർദേശിച്ച പേരുകൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിപിഎം നിലപാടെന്ന് വിജയ രാഘവൻ പറഞ്ഞു.
Kerala
കൊല്ലം: ഇരവിപുരത്തെ സ്ഥാനാർഥിനിർണയത്തിനു പിന്നാലെയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ആർഎസ്പിയിൽ വീണ്ടും രാജി. സംസ്ഥാന കമ്മിറ്റി അംഗവും യുടിയുസി നേതാവും കാഷ്യു കോർപറേഷൻ മുൻ ബോർഡ് അംഗവുമായ സജി ഡി. ആനന്ദാണ് രാജിവച്ചത്.
ആർഎസ്പി വിട്ട സജി ഡി. ആനന്ദ് ഇരവിപുരം മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിക്കും. ഇരവിപുരത്ത് പണാധിപത്യത്തിന്മേൽ ജനാധിപത്യത്തെ വിജയിപ്പിക്കാനാണ് തന്റെ പോരാട്ടമെന്ന് സജി ഡി. ആനന്ദ് പറഞ്ഞു.
അതേസമയം, ഇരവിപുരം, ചവറ സീറ്റുകളിൽ ആർഎസ്പി-എൽഡിഎഫ് ഡീലെന്നും സജി ഡി. ആനന്ദ് ആരോപിച്ചു. ഈ ഡീൽ പ്രകാരമാണ് കാർത്തിക് പ്രേമചന്ദ്രനെ ഒഴിവാക്കിയത്. ഇരവിപുരത്ത് പ്രചാരണ രംഗത്ത് ഉടൻ സജീവമാകുമെന്നും സജി ഡി. ആനന്ദ് വ്യക്തമാക്കി.
ഇരവിപുരം സ്ഥാനാർഥിനിർണയത്തിനു പിന്നാലെയുണ്ടാകുന്ന രണ്ടാമത്തെ രാജിയാണിത്. കഴിഞ്ഞദിവസം മണ്ഡലം സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗമായ എൻ. നൗഷാദ് രാജിവച്ചിരുന്നു.
ഷിബു ബേബിജോണിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണു രാജിയെന്ന് സജി ഡി. ആനന്ദ് നേരത്തേ പറഞ്ഞത്.
Kerala
പുതുപ്പള്ളി: മുന്നണിയുടെ വിജയം ഉറപ്പിക്കുന്നതിനാണ് സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറായതെന്ന് മോന്‍സ് ജോസഫ്.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തശേഷം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോടൊപ്പം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. പാര്‍ട്ടിക്കുണ്ടായിരുന്ന പത്ത് സീറ്റുകളില്‍ രണ്ട് സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കും. ഒറ്റത്തവണ എന്ന നിലയിലാണ് ഈ ധാരണ.
നിയമസഭയിലും പാര്‍ലമെന്റിലും പാര്‍ട്ടിയുടെ പ്രാതിനിധ്യം തുടര്‍ന്നും സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും മോന്‍സ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വോട്ടർപട്ടികയിൽ ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷൻ തത്കാലം ഉപേക്ഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിത്.
വോട്ടർപട്ടികയിൽ പലയിടത്തായി കിടന്ന കുടുംബ വോട്ടർമാരെ ഒരിടത്താക്കാൻ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കു ശേഷം തെരഞ്ഞെടുപ്പു കമ്മീഷൻ നീക്കം തുടങ്ങിയിരുന്നു. എന്നാൽ, ഇതു വിജയിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കുടുംബാംഗങ്ങളെ ക്രമപ്പെടുത്താൻ ശ്രമിച്ചാൽ വോട്ടർപട്ടികയിൽനിന്ന് ആരെങ്കിലും പുറത്തുപോകുമോ എന്ന ആശങ്കയുമുണ്ടായി.
എന്നാൽ, പല ബൂത്തുകളിലായി കിടക്കുന്ന കുടുംബ വോട്ടർമാർക്ക് ഒരു ബൂത്തിൽ എത്താൻ ഫോം എട്ട് പ്രകാരം അപേക്ഷ നൽകാനാകും. അപേക്ഷ നൽകിയാൽ ഇവരെ ഒരിടത്താക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബിനെ പിറവം അസംബ്ലി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിപ്പിക്കാന്‍ സംസ്ഥാന ഹൈ പവര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
പാര്‍ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയവീടന്‍ അധ്യക്ഷത വഹിച്ചു.
നിലവിലെ പിറവം എംഎൽഎയായ അനൂപ് ജേക്കബ് മുൻ മന്ത്രി ടി.എം. ജേക്കബിന്റെ മകനാണ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക ൾ വോട്ടുതേടി ജനങ്ങൾക്കു മുന്നിലേക്കെത്തുന്പോൾ വോട്ടർമാർക്കിടയിൽ വേഗത്തിൽ ശ്രദ്ധ നേടാനായുള്ള തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ രംഗത്തിറക്കി പ്രചാരണം സജീവമാക്കി.
യുഡിഎഫും എൽഡിഎഫും എൻഡിഎയും തങ്ങളുടെ പ്രചാരണ മുദ്രാവാക്യങ്ങൾ ഇതിനോടകം പുറത്തുവിട്ടു. കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്ന മുദ്രാവാക്യമാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനായി തയാറാക്കിയത്. ഇന്നലത്തെ പ്രധാന ദിനപത്രങ്ങളിലെല്ലാം ഒന്നാം പേജ് പരസ്യം നല്‍കിയാണ് ഈ മുദ്രാവാക്യ വ്യാപക പ്രചാരണത്തിന് തുടക്കമിട്ടത്.
ഈ ദുർഭരണത്തിന് ഇനി 25 ദിനം മാത്രമെന്ന കുറിപ്പോടെ സ്വർണക്കൊള്ളയും വന്യജീവി ആക്രമണവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിലക്കയറ്റവുമെല്ലാം ഉൾകൊള്ളിച്ചുള്ളതായിരുന്നു പ്രചാരണ മുദ്രാവാക്യത്തോടൊപ്പമുള്ള പരസ്യം . കണക്കു ചോദിക്കാൻ സമയമായെന്നും ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇടതു മുന്നണിയുടെ ഈ തെരഞ്ഞെടുപ്പിലെ പ്രചാരണ മുദ്രാവാക്യം ’മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നതാണ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കിയത്.
എൽഡിഎഫ് സർക്കാർ മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേർത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നൽകാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, കേരളത്തെ അതി ദാരിദ്യ്രമുക്തമാക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, എല്ലാവർക്കും വീടുകൾ നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, എല്ലാവർക്കും തൊഴിൽ നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, എല്ലാവർക്കും സ്വന്തമായി ഭൂമി നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, എല്ലാ സർക്കാർ ആശുപത്രികളും ലോകോത്തരമാക്കാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ.. എന്നിങ്ങനെ നീളുന്നു മുദ്രാവാക്യം.
എൻഡിഎ മുദ്രാവാക്യം കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. ‘മാറാത്തത് മാറും ഇനി കേരളം വളരും’ എന്നതാണ് എൻഡിഎ മുദ്രാവാക്യം. പ്രധാനമന്ത്രി പുത്തരിക്കണ്ടം മൈതാനത്തുവെച്ച് ഈ മുദ്രാവാക്യം തന്റെ പ്രസംഗത്തിലും പരാമർശിച്ചിരുന്നു. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി മാറ്റം ആവശ്യമാണെന്നും ഇതിനാൽ മാറാത്തത് മാറും, ഇനി കേരളം വളരും എന്നതാണ് എൻഡിഎ മുന്നോട്ടുവയ്ക്കുന്നത്.
Kerala
പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് കോണ്‍ഗ്രസില്‍. ഇന്നലെ രാവിലെ പാലക്കാട് ഡിസിസി ഓഫീസില്‍ പ്രസിഡന്റ് എ. തങ്കപ്പന് എ.സുരേഷിനെ അംഗത്വം നല്കി സ്വീകരിച്ചു. വൈകുന്നേരത്തോടെ മലന്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി സുരേഷിനെ പ്രഖ്യാപിക്കുകയുമുണ്ടായി.
വിഎസിന്റെ നിഴലായി ഏറെക്കാലം പ്രവര്‍ത്തിച്ച എ. സുരേഷിലൂടെ മലമ്പുഴ മണ്ഡലത്തില്‍ വലിയതോതില്‍ വോട്ടു വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കോണ്‍ഗ്രസില്‍ ചേരുന്നതു താന്‍ സ്വയമെടുത്ത തീരുമാനമാണെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല തീരുമാനമെടുത്തതെന്നും സുരേഷ് പറഞ്ഞു.
നേരത്തേ, പ്രതിപക്ഷനേതാവ് വി.ഡി സതീശന് നയിച്ച പുതുയുഗയാത്രയുടെ പാലക്കാട്ടെ പരിപാടിയില്‍ സുരേഷ് പങ്കെടുത്തിരുന്നു. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച സുരേഷ് മറ്റു പാര്ട്ടികളിലേക്കില്ലെന്ന നിലപാടിലായിരുന്നു. ഈ തീരുമാനം തിരുത്തിയാണ് കോണ്‍ഗ്രസിലേക്കു വന്നിരിക്കുന്നത്.
മലന്പുഴയിൽ കൈ ചിഹ്നത്തില്‍ അല്ലാതെ മത്സരിച്ചാല്‍ വോട്ടുകുറയുമെന്നു നേരത്തേ പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിന് അംഗത്വം നൽകി പാര്‍ട്ടിചിഹ്നം നല്കാന് കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത്.
ഭരണവിരുദ്ധവികാര വോട്ടുകള്‍ ബിജെപിയിലേക്കു പോകാതിരിക്കാന്കൂടിയാണ് എ. സുരേഷ് കൈ ചിഹ്നത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയായി മലമ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്താണ്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു മത്സരിക്കാൻ കഴിയില്ല.
ഈ സാഹചര്യത്തിൽ ജനാധിപത്യ കേരള കോണ്‍ഗ്രസിനു പകരം സ്ഥാനാർഥിയെ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കണ്ടെത്തേണ്ടി വരും.
തനിക്കു മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടിക്കു പകരം സ്ഥാനാർഥിയുണ്ടെന്നു ആന്റണി രാജു സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.
ഇക്കാരണത്താലാണ് കേസിന്റെ വിധി വരും വരെ സിപിഎം കാത്തത്. ഇന്നു തന്നെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ആന്റണി രാജുവിനോടു സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കണ്ടു കണ്ടങ്ങിരിക്കും നേതാക്കളെ.... പിന്നെ കാണുന്നത് മറുകണ്ടത്താണ്. ചാട്ടവും ചരടുവലികളും ഏറെ കണ്ട നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് കേരളം നീങ്ങുന്നത്. അപ്രതീക്ഷിത നീക്കങ്ങൾ മൂന്നു മുന്നണികളിലും ഏറെ കണ്ട തെരഞ്ഞെടുപ്പു പോരാട്ടത്തിൽ ഇനിയും വിസ്മയങ്ങൾ അവസാനിക്കുന്നില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
മുൻ തെരഞ്ഞെടുപ്പുകളിലൊന്നും കാണാനാകാത്ത വിധം ഇക്കുറി വിമത സ്ഥാനാർഥികളും തെരഞ്ഞെടുപ്പു ഗോദയിൽ നിറയുകയാണ്. മുൻമന്ത്രിയും എംഎൽഎമാരും നിയമസഭാംഗങ്ങളായിരുന്നവരും തലമുതിർന്ന നേതാക്കളുമൊക്കെയായി ഒരു ഡസനിലേറെപ്പേർ പലകണ്ടം ചാടി നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ഭീഷണിയുയർത്തുന്നു.
മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി കേഡർ പാർട്ടിയായ സിപിഎമ്മാണ് വിമത ശല്യത്തിൽ ഇത്തവണ ഏറെ പൊറുതി മുട്ടുന്നത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നുള്ള തലമുതിർന്ന നേതാക്കൾ പോലും എതിർ പാളയത്തിൽ എത്തി സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിക്കുന്നു.
എം.വി. ഗോവിന്ദനെതരേ ടി.കെ. ഗോവിന്ദൻ
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഭാര്യ പി.കെ. ശ്യാമളയ്ക്കുമെതിരേ കൊട്ടാര വിപ്ലവം നടത്തി പാർട്ടിയിൽ നിന്നു പുറത്തായതാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ. തളിപറന്പിൽ മൂന്നു തവണ എംഎൽഎയായിരുന്ന എം.വി ഗോവിന്ദനു പിന്നാലെ ഭാര്യ പി.കെ. ശ്യാമളയ്ക്കു സീറ്റു നൽകിയതിലെ അതൃപ്തി പരസ്യമായി പറഞ്ഞാണ് സ്വതന്ത്രനായി മത്സരിക്കാൻ തയാർ എടുക്കുന്നത്. എന്നാൽ, പാർട്ടിയെ ആക്രമിക്കാതെയായിരുന്നു സംസ്ഥാന സെക്രട്ടറിയെ ടി.കെ. ഗോവിന്ദൻ കടന്നാക്രമിച്ചത്. യുഡിഎഫ് പിന്തുണ കൂടി ടി.കെ. ഗോവിന്ദന് ലഭിക്കുന്നതോടെ പാർട്ടിയുടെ കോട്ടയായ തളിപറന്പിൽ എന്തു സംഭവിക്കുമെന്നത് തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കാത്തിരു ന്നു കാണേണ്ടി വരും.
പി.കെ. ശശിയുടെ പൂഴിക്കടകൻ വീഴുമോ വീഴ്ത്തുമോ?
പാലക്കാട് സിപിഎമ്മിനെ വിറപ്പിക്കുന്ന വിമതരുടെ കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്ന നേതാവാണ് ഷൊർണൂർ മുൻ എംഎൽഎയും മുതിർന്ന നേതാവുമായ പി.കെ.ശശി. വിമതരെ സംഘടിപ്പിച്ച പി.കെ. ശശിയുടെ കൂട്ടായ്മ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഏതാനും പഞ്ചായത്തുകളിൽ നിർണായക സ്വാധീനമായി വളർന്നു കഴിഞ്ഞു. ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പി.കെ. ശശിയെത്തുന്പോൾ ഇവിടെ ഇടതുമുന്നണി ഏറെ പ്രതിരോധത്തിലാകും. മൂന്നാം ടേമിന്റെ ഇളവ് പല സ്ഥാനാർഥികൾക്കും സിപിഎം നൽകിയപ്പോൾ നെന്മാറയിൽ സീറ്റ് നൽകാത്തതിൽ കെ. ബാബുവിനും അതൃപ്തിയുണ്ട്.
ബാലഗോപാലിനെ വിറപ്പിച്ചെത്തിയ അയിഷാപോറ്റി
ധനമന്ത്രി കെ.എൻ. ബാലഗോപാലിന് അപ്രതീക്ഷ ഭീഷണിയുയർത്തിയാണ് മൂന്നുതവണ സിപിഎം എംഎൽഎയായിരുന്ന അയിഷാപോറ്റി കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായത്. അയിഷാപോറ്റി സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ തവണ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ആർ. രശ്മി ബിജെപിയുടെ ഭാഗമായി സ്ഥാനാർഥിയായി.
ആലപ്പുഴ ജില്ലയിൽ ഭീഷണിയുയർത്തി ജി. സുധാകരൻ
അന്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുന്നതോടെ ഇതിന്റെ അലയൊലികൾ ആലപ്പുഴയിലെ സമീപ മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫ് കണക്കൂകൂട്ടൽ. യഥാർഥ കമ്യൂണിസ്റ്റുകളെ ഒപ്പം കൂട്ടാനുള്ള നീക്കത്തിൽ ജി. സുധാകരൻ വഴി കോണ്‍ഗ്രസിന് ഒരുപരിധിവരെ സാധിച്ചെന്നാണ് വിലയിരുത്തൽ.
ജി. സുധാകരനെ പിന്തുണച്ചതിൽ കോണ്‍ഗ്രസിലും കലഹം
സിപിഎം നേതാവ് ജി. സുധാകരനെ യുഡിഎഫ് പിന്തുണച്ചതിൽ യുഡിഎഫിലെ കലഹവും പൊട്ടിത്തെറിയിലേക്ക്. ഇതിൽ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ടിരുന്നു. 52 വർഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച ജോബ് ഇന്നലെ ബിജെപിയിൽ ചേർന്നിരുന്നു.
ചാലക്കുടിയിൽ ബിജു ചിറയത്ത് യുഡിഎഫിന് ഭീഷണി
25 വർഷത്തെ കോണ്‍ഗ്രസ് ബന്ധം ഒരു ദിവസം കൊണ്ട് തകർത്തെറിഞ്ഞാണ് ബിജു എസ്. ചിറയത്ത് ചാലക്കുടിയിൽ കേരള കോണ്‍ഗ്രസ്- എമ്മിന്റെ ഇടതു സ്ഥാനാർഥിയായത്. ചാലക്കുടി നഗരസഭയിലെ 25 വർഷമായുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ബിജുവിന്റെ ചാട്ടത്തിൽ കോണ്‍ഗ്രസും യുഡിഎഫും പകച്ചു. കോണ്‍ഗ്രസിലെ നിലവിലെ എംഎൽഎയായ സനീഷ്കുമാർ ജോസഫാണ് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി.
സിപിഐ തള്ളിയ മുകുന്ദൻ ബിജെപി സ്ഥാനാർഥി
നാട്ടികയിലെ സിപിഐ സ്ഥാനാർഥി പട്ടികയിൽ നിന്ന് അപ്രത്യക്ഷനായ സി.സി. മുകുന്ദൻ, ആദ്യം കോണ്‍ഗ്രസിനെ സമീപിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ബിജെപിയിലെത്തി നാട്ടികയിലെ സ്ഥാനാർഥിയായി.
ദേവികുളത്തെ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്
ദേവികുളത്ത് സിപിഎം എംഎൽഎയായിരുന്ന എസ്. രാജേന്ദ്രൻ ഇത്തവണ അവിടെ മത്സരിക്കാൻ എത്തുന്നത് ബിജെപി ടിക്കറ്റിലാണ്.
ഇടുക്കിയിൽ എം.എം. മണിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജേന്ദ്രനെ ബിജെപി പാളയത്തിൽ എത്തിച്ചത്.
കാഞ്ഞിരപ്പള്ളിയിൽ ബിജെപിയിൽ കാലുമാറ്റ ഭീഷണി
കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യനു വിമത ഭീഷണി ഉയർത്തി ബിജെപി മുൻ ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു സ്വതന്ത്രനാകുമെന്ന ഭീഷണിയുണ്ട്. ഇവിടെ നോബിൾ മാത്യുവിന്റെ പേരുമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിവസമായ ഈ മാസം 23 വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാം.
2026 ഏപ്രിൽ ഒന്നിന് പതിനെട്ടു വയസ് പൂർത്തിയാകുന്ന ആർക്കും രജിസ്റ്റർ ചെയ്യാം voters.eci.gov.in വെബ്സൈറ്റ് വഴിയോ ’വോട്ടർ ഹെൽപ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ.
വെബ്സൈറ്റിലെ ’ന്യൂ വോട്ടർ രജിസ്ട്രേഷൻ’ ലിങ്കിൽ പ്രവേശിച്ച് ‘ഫോം 6’ പൂരിപ്പിക്കണം. പ്രവാസി വോട്ടർമാർക്ക് ’ഫോം 6 എ’ യുമുണ്ട്. അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്, വിലാസം തെളിയിക്കുന്ന രേഖകൾ അപ് ലോഡ് ചെയ്യണം.
അടുത്ത ബന്ധുവിന്റെ തിരിച്ചറിയൽ കാർഡ് നന്പറും വേണം. ബിഎൽഒമാർ നേരിട്ടെത്തി പരിശോധിച്ചാണ് പേര് ഉൾപ്പെടുത്തുക.
Kerala
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്. ഡൽഹിയിൽ ഇന്നലെ രാത്രി വൈകി സ്കീനിംഗ് കമ്മിറ്റി പട്ടികയ്ക്ക് അംഗീകാരം നൽകി.
60 പേരുകൾക്കാണ് അംഗീകാരമായത് എന്നാണ് കരുതുന്നത്. ഇന്നു രാവിലെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി (സിഇസി) ചേർന്ന് ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കും.
മാരത്തണ്‍ ചർച്ചയ്ക്കുശേഷമാണ് ഇന്നലെ രാത്രി വൈകി സ്കീനിംഗ് കമ്മിറ്റി ആദ്യഘട്ട പട്ടികയ്ക്ക അന്തിമ രൂപം നൽകിയത്. 19 സിറ്റിംഗ് എംഎൽഎമാരുടെ പേരുകളടക്കം 31 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും കഴിഞ്ഞദിവസം ചേർന്ന സിഇസി അംഗീകരിച്ചിരുന്നു.
തളിപ്പറന്പ്, അന്പലപ്പുഴ, പയ്യന്നൂർ തുടങ്ങി സിപിഎമ്മിൽനിന്ന് വിഘടിച്ചു നിൽക്കുന്ന നേതാക്കളെയടക്കം പരിഗണിച്ചുകൊണ്ടുള്ളതായിരിക്കും പട്ടിക.
Kerala
കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ഥിനിര്‍ണയം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡോ.എം.കെ. മുനീര്‍ എംഎല്‍എ മത്സരിക്കുന്നകാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു.
മുനീറിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി മാറിനില്‍ക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം വാദിക്കുന്നത്. എന്നാല്‍ മത്സരിക്കാനുള്ള സന്നദ്ധത മുനീര്‍ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞാല്‍ പാര്‍ലമെന്ററി തലത്തില്‍ ലീഗിന്റെ തലയെടുപ്പുള്ള നേതാവിനെ അനാരോഗ്യത്തിന്റെ പേരില്‍ തഴയരുതെന്നാണ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗംആവശ്യപ്പെടുന്നത്. കൊടുവള്ളി എംഎല്‍എയായ മുനീറിനെ കോഴിക്കോട് സൗത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
കോഴിക്കോട് സൗത്ത് സീറ്റിനായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫറോസും രംഗത്തുണ്ട്. സൗത്തില്‍ മുനീര്‍ മത്സരിക്കുകയാണെങ്കില്‍ ഫിറോസിന് കൊടുവള്ളി നല്‍കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. മുനീറിന് രാജ്യസഭാ സീറ്റോ മറ്റു പദവികളോ നൽകി പശ്നം പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഇതിനിടെ ഇന്നലെ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ് മുനീറിന് പരസ്യ പിന്തുണയുമായി രംഗത്ത് വന്നു. നൈമിഷമായ അനാരോഗ്യം കൊണ്ട് മുനീര്‍ എന്ന പ്രതിഭാധനനായ ഒരു വിളക്കുമാടത്തെ അറുത്തിടരുതെന്നാണ് സി.കെ. നജാഫ് ഫേസ്ബുക്ക് പോസ്റ്റില്കുറിച്ചത്.
Kerala
തിരുവനന്തപുരം: അതിസങ്കീർണ പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനും ബൂത്തു പിടിത്തത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലാണ് ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്താൻ ആലോചിക്കുന്നത്.
ജില്ലാ വരണാധികാരികളായ ഒട്ടേറെ കളക്ടർമാർ ഡ്രോണ്‍ നിരീക്ഷണം വേണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഡ്രോണ്‍ നിരീക്ഷണം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ നടപ്പാക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ ’ദീപിക’ യോടു പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ 30 കന്പനി കേന്ദ്രസേനയാണ് കേരളത്തിൽ എത്തുന്നത്. ഏതാണ്ട 2500 കേന്ദ്രസേനാംഗങ്ങൾ കേരളത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടാകും.
കേന്ദ്രസായുധ സേനയുടെ നോഡൽ ഓഫിസറെയും നിശ്ചിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായി അടുത്ത ദിവസങ്ങളിൽ തന്നെ കേന്ദ്രസേനയുടെ ആദ്യ കന്പനികൾ കേരളത്തിലെത്തും.
എല്ലാ ബൂത്തുകളിലും ഇത്തവണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം. പ്രശ്നബാധിത ബൂത്തുകളിൽ ലൈവ് ടെലികാസ്റ്റിംഗ്, സിസിടിവി നിരീക്ഷണം തുടങ്ങിയവയുമുണ്ടാകും.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ളത്. കേന്ദ്രസേനയെ കൂടാതെ സംസ്ഥാന പോലീസിന്റെ സേവനവും സുരക്ഷയ്ക്കായി ഒരുക്കും.
Kerala
തിരുവനന്തപുരം: ഏപ്രിൽ 17നും 23നും ഇടയിലുള്ള തീയതിയിലൊന്നാകും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാൻ സാധ്യതയെന്നു ജില്ലാ കളക്ടർമാരുടെ യോഗത്തിൽ സൂചന നൽകി തെരഞ്ഞെടുപ്പു കമ്മീഷൻ.
തെരഞ്ഞെടുപ്പു പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെയുണ്ടാകുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയതായാണ് വിവരം.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു തൊട്ടു മുൻപായാണ് ജില്ലാ കളക്ടർമാരുടെ അവസാനഘട്ട പരിശീലനം ഇന്നലെ നടത്തിയത്.
Kerala
തലശേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ മന്ത്രി കെ.പി. മോഹനൻ എംഎൽഎ അറിയിച്ചു.
വ്യാഴാഴ്ച നടന്ന രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം നേതൃയോഗത്തിലാണ് മോഹനൻ ഭാഗികമായി മനസ് തുറന്നത്. പാനൂർ പുത്തൂർ പി.ആർ. മന്ദിരത്തിലായിരുന്നു ആർജെഡി നേതൃയോഗം.
യോഗം ഉദ്ഘാടനം ചെയ്ത കെ.പി. മോഹനൻ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്നും ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ മാറ്റം വേണമെന്ന് ചിലർ ആവശ്യപ്പെടുകയായിരുന്നു.
പാർട്ടി സംസ്ഥാന പ്രസിഡന്റുവരെ ഇനി മത്സരത്തിനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. പുതിയ തലമുറയ്ക്ക് അവസരം ഒരുക്കണമെന്നും വിവിധ മേഖലകളിൽ നിന്നെത്തിയ പ്രതിനിധികൾ ആവശ്യപ്പെട്ടു.
പാട്യം, പാനൂർ, തൃപ്രങ്ങോട്ടൂർ, കരിയാട് തുടങ്ങിയ മേഖകളിൽ നിന്നെത്തിയവരാണ് മാറ്റം വേണമെന്നു ശക്തമായി ആവശ്യപ്പെട്ടത്.
തുടർന്ന് വീണ്ടും പ്രസംഗിച്ച കെ.പി. മോഹനൻ, താനാരോടും മത്സരിക്കാനില്ല, മത്സരരംഗത്ത് താനുണ്ടാകുമെന്ന് ആരോടും പറഞ്ഞിട്ടുമില്ല. എന്നെ മാറ്റിനിർത്താൻ നടക്കുന്ന ശ്രമങ്ങളും അതിനു പിന്നിൽ ആരാണെന്നും അറിയാമെന്നും വികാരഭരിതനായി പറയുകയായിരുന്നു.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കേ, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളും തലപൊക്കുന്ന സോളാർകേസും തിരിച്ചടിയാകുമോ എന്ന ഭയത്തിൽ ഇടതുമുന്നണി.
ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങൾ ഒരുവിധത്തിൽ ക്ഷമ പറഞ്ഞു തീർത്തെങ്കിലും മന്ത്രി എന്നനിലയിൽ ഗണേഷ്കുമാറിനെതിരേ തീർത്ത കളങ്കം പത്തനാപുരത്തു മാത്രമല്ല, കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ അലയടിക്കുമെന്ന ആശങ്ക എൽഡിഎഫ് മുന്നണിക്കുണ്ട്.
2013ൽ ഭാര്യ ഡോ. യാമിനി തങ്കച്ചി ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങളെത്തുടർന്ന് രാജിവയ്ക്കേണ്ടി വന്ന ചരിത്രമുള്ള ഗണേഷ് കുമാർ 13 വർഷങ്ങൾക്കു ശേഷം ബിന്ദു മേനോനിലൂടെ ആരോപണങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ രാഷ്ട്രീയമായി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.ഇതിനൊടൊപ്പമാണ് സോളാർ കേസും കടന്നുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ സോളാർ ഗൂഢാലോചന കേസ് മാറ്റി വയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ വാദം കൊട്ടാരക്കര കോടതി തള്ളി. സോളാർ കേസിനെ സജീവമായി നിലനിർത്താൻ ഈ ഗൂഢാലോചന ഹർജിക്കു സാധിക്കുമെന്നതും മുന്നണിക്കാണ് പ്രഹരമാകുന്നത്.
പത്തനാപുരം താലൂക്ക് യൂണിയൻ പത്മ കഫേ നിർമാണത്തെച്ചൊല്ലി അടുത്തിടെയുണ്ടായ വിവാദവും സിപിഎം ഇടതു കേന്ദ്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നാലുകോടി വിനിയോഗിച്ചു പത്മ കഫേ നിർമിച്ചുവെന്നതും ഇതിൽ 3.5 കോടി കരാറുകാരനു നൽകിയെന്നതും സംബന്ധിച്ചാണു വിവാദം.
► സോളാർ കുരുക്ക് വീണ്ടും
നിയമസഭ തെരഞ്ഞെടുപ്പിൽ സോളാർകേസ് വീണ്ടും കത്തിപടരുമെന്നുറപ്പാണ്. ഉമ്മൻചാണ്ടിയെ ഗണേഷ്കുമാർ പിന്നിൽനിന്നും കുത്തിയെന്നു ചാണ്ടി ഉമ്മൻ പത്തനാപുരത്തുവന്നു പറഞ്ഞതിനു പിന്നാലെ സോളാർ കേസ് വീണ്ടും രംഗത്തുവന്നു തുടങ്ങി. പിന്നീട് കോടതിയിലെ കേസുമായതോടെ സോളാർകേസ് വീണ്ടും സജീവമാകുകയാണ്.
സോളാര്‍ ഗൂഢാലോചന കേസ് നടപടികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ ഹർജി കൊട്ടാരക്കര ജുഡീഷല്ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരുടെ പേരുകൾ സോളാർപരാതിക്കാരിയെ കൊണ്ടു വീണ്ടും എഴുതി ചേർത്തതാണെന്ന ആരോപണവുമായാണ് കേസ് കത്തിക്കയറുന്നത്. സോളാർപരാതിക്കാരുടെ അഡ്വക്കേറ്റായിരുന്ന അഡ്വ. ഫെനി ബാലകൃഷ്ണൻ പരാതിക്കാരിക്കാരുടെയും ഗണേഷ്കുമാറിന്റെയും ഗൂഢാലോചനയെ കുറിച്ചാണ് കോടതിയിൽ മൊഴി നൽകിയത്.
സോളാർകേസിലെ പരാതിക്കാരി തയാറാക്കിയ 21 പേജുള്ള കത്ത് താൻ അവിടെ വച്ച് കൈപ്പറ്റിയിരുന്നു എന്നും ആ കത്താണ് പിന്നീട് 25 പേജുള്ള കത്താക്കി സോളാർ കമ്മീഷൻ മുമ്പാകെ ഹാജരാക്കിയതെന്നും നാലു പേജുകൾ ഗണേഷ്കുമാറിന്റെയും സഹായികളുടെയും ഗൂഢാലോചനയുടെ ഫലമായി എഴുതി ചേർത്തതാണെന്നും അഡ്വ. ഫെനി ബാലകൃഷ്ണൻ കോടതി മുമ്പാകെ മൊഴി കൊടുത്തിരിക്കുന്നു. അഡ്വ. ഫെനി ബാലകൃഷ്ണന്റെ സാക്ഷി മൊഴിയെ സാധൂകരിക്കുന്ന തരത്തിൽ അന്നത്തെ പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥകുറുപ്പും മൊഴി കൊടുത്തിരുന്നു.
► യാമിനി തങ്കച്ചിയും ബിന്ദുമേനോനും
ഗണേഷ് കുമാറും ഡോ. യാമിനി തങ്കച്ചിയും തമ്മിലുള്ള 19 വർഷം നീണ്ടുനിന്ന ബന്ധം തകർന്നത് കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. ഗണേഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു യുവതിയുടെ ഭർത്താവ് മന്ത്രിമന്ദിരത്തിലെത്തി അദ്ദേഹത്തെ മർദിച്ചുവെന്ന വാർത്തയിൽനിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. തുടർന്നു യാമിനി നടത്തിയ വാർത്താസമ്മേളനം കേരളത്തെ ഒന്നാകെ ഞെട്ടിച്ചു. കഴിഞ്ഞ 16 വർഷമായി താൻ നിരന്തരമായി പീഡിപ്പിക്കപ്പെടുകയാണെന്നും ഗണേഷിന്റെ അവിഹിത ബന്ധങ്ങൾ ചോദ്യംചെയ്തതിനായിരുന്നു മർദനമെന്നും അവർ വെളിപ്പെടുത്തി. ഇതേത്തുടർന്ന് 2013 ഏപ്രിൽ രണ്ടിനു ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു.
യാമിനിയുമായുള്ള വിവാഹമോചനത്തിനു ശേഷം 2014 ജനുവരി 24നാണ് ഗണേഷ് കുമാർ ബിന്ദു മേനോനെ വിവാഹംകഴിക്കുന്നത്. എന്നാൽ ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകളിലൂടെ ഗണേഷ് കുമാർ വീണ്ടും വിവാദത്തിലായി. വാളകത്തെ കുടുംബവീട്ടിൽ അറിയിപ്പില്ലാതെ എത്തിയ താൻ കണ്ട കാഴ്ചകൾ പറയാൻപോലും വയ്യാത്തതാണെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് തന്നെ തടഞ്ഞുവച്ചുവെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും ബിന്ദു ആരോപിച്ചു.
മാപ്പ് പറഞ്ഞു പ്രശ്നം രമ്യതയിലെത്തിയെങ്കിലും ഒരു മന്ത്രിയെന്ന നിലയിൽ ഈ ആരോപണങ്ങൾ അദ്ദേഹത്തെയും ഇടതുപക്ഷ സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഗണേഷ്കുമാറിനെ സംബന്ധിച്ച ചരിത്രം ആവർത്തിക്കുമ്പോൾ അതതുകാലത്തെ മുന്നണികളുടെ നിലപാടുകൾ കൂടി എടുത്തുപറയേണ്ടതുണ്ട്. അന്ന് യുഡിഎഫിനായിരുന്നു പ്രതിസന്ധിയെങ്കിൽ ഇന്ന് അതേ പ്രതിസന്ധി നേരിടുന്നത് എൽഡിഎഫാണ്.
Kerala
തൊടുപുഴ: ഇടുക്കി മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി നാലുതവണ വെന്നിക്കൊടി പാറിച്ച മന്ത്രി റോഷി അഗസ്റ്റിന് അഞ്ചാം അങ്കത്തിനിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ജൈത്രയാത്രയ്ക്കു തടയിടാന്‍ ആരെയാകും യുഡിഎഫ് രംഗത്തിറക്കുകയെന്ന ആകാംക്ഷയിലാണ് ഇവിടത്തുകാര്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെ 5,573 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് റോഷി എല്‍ഡിഎഫ് മന്ത്രിസഭയില്‍ എത്തിയത്. തുടര്‍ച്ചയായി മൂന്നു തവണയും യുഡിഎഫില്നിന്നായിരുന്നു വിജയമെങ്കില്‍ മുന്നണിമാറ്റത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ഉജ്വലവിജയം നേടിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
സംസ്ഥാനത്ത് പ്രസ്റ്റീജ് മത്സരം നടക്കുന്ന മണ്ഡലമായി ഇക്കുറി ഇടുക്കി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായ ഏക മന്ത്രിയാണ് ഇദ്ദേഹം. അതിനാല്‍തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ റോഷിയുടെ പ്രകടനം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
ഇത്തവണ ഇടുക്കി സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ ഇതുവരെ ധാരണയായിട്ടില്ല. സീറ്റ് കോണ്‍ഗ്രസിനു വിട്ടുകൊടുക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുമ്പോഴും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ലെന്നാണ് കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചത്. അതേസമയം റോഷിയെ തറപറ്റിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിതന്നെ വേണമെന്നാണ് യുഡിഎഫിലെ പൊതുവികാരം.
റോഷിക്ക് മണ്ഡലത്തിലുള്ള ജനസ്വാധീനവും മന്ത്രിയെന്ന നിലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഭൂചട്ടഭേദഗതിയും അനുകൂലമാകുമെന്ന വിലയിരുത്തലാണ് എല്‍ഡിഎഫിനുള്ളത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കട്ടപ്പന നഗരസഭയും ഭൂരിഭാഗം പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഒപ്പംനിന്നതാണ് യുഡിഎഫിനു പ്രതീക്ഷ നല്‍കുന്നത്.
മണ്ഡലങ്ങള്‍ വിട്ടുനല്‍കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച തുടരുകയാണ്. രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വൻ പ്രഖ്യാപനങ്ങളുമായി നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴ് വെട്രി കഴകം പാർട്ടി. മാമല്ലപുരത്ത് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണു വിജയ് പ്രഖ്യാപനങ്ങൾ നടത്തിയത്.
ടിവികെ അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരല്ലാത്ത 60 വയസ് വരെയുള്ള എല്ലാ സ്ത്രീകൾക്കും മാസം 2500 രൂപ വീതം നൽകും. യുവതികൾക്ക് വിവാഹത്തിന് ഒരുപവൻ സ്വർണവും പട്ടുസാരിയും നൽകും. എല്ലാ കുടുംബങ്ങൾക്കും വർഷം ആറ് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകും.
സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാൻ അമ്മ അല്ലെങ്കിൽ രക്ഷകർത്താവിന് പ്രതിവർഷം 15,000 രൂപ നൽകുമെന്നും വിജയ് വാഗ്ദാനം ചെയ്തു.
Kerala
തൃശൂർ: ജയസാധ്യത പരിഗണിച്ച് തൃശൂർ ജില്ലയിൽ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം. മണലൂർ അടക്കം ടേമിൽ ഇളവു നൽകണമെന്നും എ.സി. മൊയ്തീൻതന്നെ കുന്നംകുളത്തു മത്സരിക്കണമെന്നും സംസ്ഥാന കമ്മിറ്റിക്കു ശിപാർശ. മൊയ്തീൻ ഒഴിയാൻ താത്പര്യമറിയിച്ചെങ്കിലും തള്ളിയെന്നാണു വിവരം.
ആകെയുള്ള 13 സീറ്റിൽ ചേലക്കര, ഗുരുവായൂർ, കുന്നംകുളം, മണലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ സിപിഎമ്മും തൃശൂർ, ഒല്ലൂർ, കയ്പമംഗലം, നാട്ടിക, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ സിപിഐയും ചാലക്കുടിയിൽ കേരള കോണ്‍ഗ്രസ് എമ്മുമാണു നിലവിൽ മത്സരിക്കുന്നത്.
നേരത്തേ കുന്നംകുളം, മണലൂർ മണ്ഡലങ്ങളിലൊഴികെ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കാനായിരുന്നു ആലോചന. കുന്നംകുളത്ത് നിലവിലെ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ, എം. സ്വരാജ് എന്നിവരുടെ പേരുകളും ചർച്ചകളിലെത്തി. എന്നാൽ, ജയസാധ്യത പരിഗണിച്ചു പരീക്ഷണങ്ങൾക്കു മുതിരേണ്ടെന്നാണു തീരുമാനം. പ്രായവും ടേം വ്യവസ്ഥയും കണക്കിലെടുത്ത് മണലൂരിൽ മുരളി പെരുനെല്ലിയുടെ കാര്യത്തിൽ മാത്രമാണ് ആശയക്കുഴപ്പം. ഇവിടെ മുൻ മന്ത്രി സി. രവീന്ദ്രനാഥിനെയും ജില്ലാ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
2021ലെ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, ചേലക്കര മണ്ഡലങ്ങളിലേക്കു ജില്ലാ കമ്മിറ്റി നിർദേശിച്ചത് ബേബി ജോണ്‍, സിറ്റിംഗ് എംഎൽഎ ആയിരുന്ന യു.ആർ. പ്രദീപ് എന്നിവരുടെ പേരുകളായിരുന്നു. എന്നാൽ, എൻ.കെ. അക്ബറിനെയും കെ. രാധാകൃഷ്ണനെയുമാണ് സംസ്ഥാന കമ്മിറ്റി നിർദേശിച്ചത്.
കെ. രാധാകൃഷ്ണൻ ആലത്തൂർ മണ്ഡലത്തിൽനിന്നു പാർലമെന്റിലേക്കു മത്സരിച്ചു ജയിച്ച ഒഴിവിലാണ് പിന്നീടു യു.ആർ. പ്രദീപിനെ പരിഗണിച്ചത്. അവസാന സമയത്തെ മാറ്റങ്ങളുണ്ടായില്ലെങ്കിൽ ആറു സീറ്റിലും സിറ്റിംഗ് എംഎൽഎമാർതന്നെ പോരിനിറങ്ങും.
Leader Page
ഇടതു-വലതുമുന്നണികളുടെ തെരഞ്ഞെടുപ്പുജാഥകള് പൂരപ്പറന്പിനെ ഉഴുതുമറിച്ചു കടന്നുപോയതിനുപിന്നാലെ തൃശൂര്‍ തെരഞ്ഞെടുപ്പുചൂടിലേക്ക്. നേട്ടങ്ങളുടെ പട്ടിക നിരത്തി ബിനോയ് വിശ്വം നയിച്ച എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാജാഥയും വിമര്‍ശനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴയുമായി വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്രയും തെരഞ്ഞെടുപ്പിന്റെ വിളംബരമായി. ലോക്സഭയില്‍ സുരേഷ് ഗോപിയിലൂടെ താമര വിരിയിച്ചു ഞെട്ടിച്ച ബിജെപിയും തന്ത്രങ്ങളുമായി കളത്തിലുണ്ട്. പറഞ്ഞതിന്റെയും ചെയ്തതിന്റെയും കണക്കുനോക്കി അളന്നുകുറിച്ച് വോട്ടുകുത്തുന്ന തൃശൂര്‍ മൂന്നു മുന്നണിക്കും നിര്‍ണായകം.
അടിമുടി തകര്‍ച്ചയില്‍നിന്ന് നിരവധി പഞ്ചായത്തുകളും പത്തുവര്‍ഷം എല്‍ഡിഎഫ് ഭരിച്ച തൃശൂര്‍ കോര്‍പറേഷനും ഏതാനും ബ്ലോക്കുകളും പിടിച്ചെടുത്തു യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലാണ്. മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്നു കോണ്‍ഗ്രസ് ഭരണം പിടിച്ചതും ബിജെപി പിന്തുണച്ച വൈസ് പ്രസിഡന്റിന്റെ രാജിയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രനു കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന ആരോപണങ്ങളുമെല്ലാം സംസ്ഥാനത്തും കോളിളക്കമുണ്ടാക്കി.
തദ്ദേശതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കോര്‍പറേഷനും 86 പഞ്ചായത്തില്‍ 35 എണ്ണവും യുഡിഎഫ് നേടി. 2021ല്‍ 16 പഞ്ചായത്തുകളില്‍ മാത്രമായിരുന്നു ഭരണം. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 എണ്ണം എല്‍ഡിഎഫും അഞ്ചെണ്ണം യുഡിഎഫും നേടി.
രാഷ്ട്രീയവോട്ടെടുപ്പു നടക്കുന്ന ജില്ലാ പഞ്ചായത്തില്‍ ഇടതിനാണു നേട്ടം. 2021നെ അപേക്ഷിച്ച് 24 പഞ്ചായത്തുകള്‍ നഷ്ടമായെങ്കിലും അടിത്തറ ഭദ്രമാണെന്നാണ് ഇടതുപക്ഷത്തിന്റെ കണക്ക്. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലാണ് പിന്നാക്കംപോയതെന്നും വിലയിരുത്തുന്നു. ‘സുരേഷ് ഗോപി ഫാക്ടറി’ല്‍ പ്രതീക്ഷയര്‍പ്പിച്ച ബിജെപിക്കു തദ്ദേശത്തില്‍ കാര്യമായ നേട്ടമുണ്ടായില്ല. ലോക്സഭയില്‍ ഗുരുവായൂര്‍ ഒഴികെ ആറു നിയമസഭാമണ്ഡലങ്ങളിലും ഒന്നാമത് എത്തിയതിന്റെ കണക്കില്‍ മനപ്പായസമുണ്ടെങ്കിലും അടിതെറ്റി. നറുക്കെടുപ്പിലൂടെ കിട്ടിയ ഒരു സീറ്റ് അടക്കം കോര്‍പറേഷനില്‍ രണ്ടു സീറ്റ് മാത്രമാണ് കൂടിയത്.
ഭരിക്കാന്‍ തൃശൂര്‍ നിര്‍ണായകം
ജില്ലയിലെ 13ല്‍ 12 സീറ്റിലും 2016, 2021 വര്‍ഷങ്ങളില്‍ ഇടതുപക്ഷം വന്പന്വിജയമാണു നേടിയത്. 2016ല്‍ നഷ്ടമായ വടക്കാഞ്ചേരി 2021ൽ എല്‍ഡിഎഫ് തിരിച്ചുപിടിച്ചപ്പോള്‍ ചാലക്കുടിയില്‍ തോറ്റു. ഗുരുവായൂര്‍, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, നാട്ടിക, മണലൂര്‍, കയ്പമംഗലം മണ്ഡലങ്ങളിലാണ് 2021ല്‍ വിജയിച്ചത്. മന്ത്രിയായ കെ. രാജന് അരലക്ഷം ഭൂരിപക്ഷംനേടി ഞെട്ടിച്ചു.
രണ്ടു സീറ്റിന്റെ കുറവില്‍ 2011ല്‍ ഭരണം നഷ്ടമായപ്പോള്‍ എല്‍ഡിഎഫിനു തിരിച്ചടിയായതു മണലൂരിലെ തോല്‍വിയായിരുന്നു. മുരളി പെരുനെല്ലിയെ അവസാനനിമിഷം മാറ്റി ബേബി ജോണിനെ സ്ഥാനാര്‍ഥിയാക്കിയതാണ് തോല്‍വിക്കു കാരണമെന്ന വിമര്‍ശനം ഇപ്പോഴുമുണ്ട്. മണലൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ അന്നു യുഡിഎഫിനൊപ്പം നിന്നു.
2011നുശേഷം പൊതുവേ കോണ്‍ഗ്രസ് അനുകൂലമെന്നു വിശേഷിപ്പിച്ചിരുന്ന തൃശൂരിന്റെ സ്വഭാവം അടിമുടി മാറി. എല്ലായിടത്തും എല്‍ഡിഎഫ് സ്ഥാനാർഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2020ല്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫ് വമ്പന്‍ വിജയം നേടി. ജില്ലാ പഞ്ചായത്തും കോര്‍പറേഷനുമടക്കം എല്‍ഡിഎഫിന്റെ കൈയിലായി.
2024ല്‍ ഇടതു-വലതു മുന്നണികളെ ഞെട്ടിച്ച് മുക്കാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിക്കായി സുരേഷ് ഗോപി പാര്‍ലമെന്റ് മണ്ഡലം പിടിച്ചതു മറ്റൊരു വഴിത്തിരിവായി. കെ. മുരളീധരനെ ഇറക്കി യുഡിഎഫും വി.എസ്. സുനില്‍ കുമാറിനെ ഇറക്കി എല്‍ഡിഎഫും തീപാറുംപോരാട്ടമാണ് കാഴ്ചവച്ചത്. എന്നാല്‍, ചിട്ടയായ പ്രവര്‍ത്തനങ്ങളും വോട്ടുചേര്ക്കുന്നതിലെ കാര്യക്ഷമതയും ബിജെപിക്കു തുണയായി. ചിട്ടയായ പ്രവര്‍ത്തനവും മികച്ച സ്ഥാനാര്ഥിയുമുണ്ടെങ്കില് ഏതു മണ്ഡലവും പിടിക്കാമെന്ന കണക്കുകൂട്ടലിലേക്കു ബിജെപി മാറി.
തിരിച്ചുവരവിന് യുഡിഎഫ്
ഒരു പതിറ്റാണ്ടായി തൃശൂരില്‍ അധികാരമില്ല എന്നതാണ് യുഡിഎഫിന്റെ പ്രതിസന്ധി. ശബരിമല യുവതീപ്രവേശനവിവാദവും സ്വര്ണക്കടത്തുവിവാദങ്ങളും വടക്കാഞ്ചേരി ലൈഫ്മിഷന് അഴിമതിയാരോപണങ്ങളും അടക്കിവാണപ്പോഴും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വടക്കാഞ്ചേരി ലൈഫ്മിഷന് ഫ്ലാറ്റ് നിര്‍മാണത്തിലെ അഴിമതി ഉയര്‍ത്തിക്കൊണ്ടുവന്ന അഡ്വ. അനില്‍ അക്കര അതേ ഫ്ലാറ്റ് സമുച്ചയം ഇരിക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തില്‍ 2021ല്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. സ്വന്തം പഞ്ചായത്തിലും അനില്‍ പിന്നിലേക്കു പോയി. ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിക്കുന്നതിലേക്കു കാര്യങ്ങളെത്തി. ഇരിങ്ങാലക്കുട, തൃശൂര്‍ ഒഴികെ എല്ലാ സീറ്റിലും പതിനായിരത്തിനും ഇരുപതിനായിരത്തിനും മുകളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം.
ചാലക്കുടിയില്‍ പുതുമുഖമായി എത്തിയ സനീഷ് കുമാര്‍ ജോസഫ് 1057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേടിയ വിജയംമാത്രമായിരുന്നു യുഡിഎഫിന്റെ ആശ്വാസം. 2016ല്‍ സിപിഎമ്മിന്റെ ബി.ഡി. ദേവസി 26,648 വോട്ടിനു ജയിച്ച സീറ്റാണ് സനീഷ് പിടിച്ചത്. ഇക്കുറി ചാലക്കുടി ഏറ്റെടുത്ത് ഇരിങ്ങാലക്കുട കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കിയാല്‍ പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലുണ്ട്.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലമാണ് ചാലക്കുടി. അതിരപ്പിള്ളി, വാഴച്ചാല്‍ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളും ഇതേ മണ്ഡലത്തിലാണ്. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലം. കാര്‍ഷികമേഖലയില്‍ വന്യജീവികളുണ്ടാക്കുന്ന ദുരിതവും പ്രകൃതിക്ഷോഭങ്ങളോടുള്ള നിലപാടുകളും വോട്ടിംഗില്‍ നിഴലിക്കും.
അഞ്ചുവര്‍ഷം ജനപ്രതിനിധിയായി ഇരുന്നതിന്റെ സ്വീകാര്യത സനീഷ് കുമാറിന് ഇതുവരെ നഷ്ടമായില്ല എന്നത് യുഡിഎഫിന് ആത്മവിശ്വാസം നല്കുന്നു. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് കഴിഞ്ഞവട്ടം ചാലക്കുടി നല്‍കിയത്. 2011ല്‍ ബിജെപി സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ അഞ്ചിരട്ടി വോട്ട് 2016ല്‍ ബിഡിജെഎസിന്റെ കെ.എസ്. ഉണ്ണികൃഷ്ണന് നേടി. എന്നാല്‍, 2021ല്‍ ഉണ്ണികൃഷ്ണനു വോട്ടും വോട്ടുവിഹിതവും കുറഞ്ഞു.
‘തൃശൂര്‍ തൂക്കാൻ’ എളുപ്പമല്ല
വി.ഡി. സതീശന് നയിച്ച പുതുയുഗയാത്ര “തൃശൂര്‍ നിങ്ങള്‍ തൂക്കണം” എന്ന് ആഹ്വാനം ചെയ്താണു കടന്നുപോയത്. ഇവിടെ കുറഞ്ഞത് ഏഴു സീറ്റെങ്കിലും നേടണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. 2011ല്‍ നേടിയതിനേക്കാള്‍ ഒരു സീറ്റ് കൂടുതല്‍. എന്നാല്‍, ഇടതിന്റെ പൊന്നാപുരം കോട്ടകള്‍ ഇളക്കുകയെന്നതു സംഘടനാശേഷി പൊതുവേ ദുര്‍ബലമായ കോണ്‍ഗ്രസിന് എളുപ്പമല്ല. മികച്ച സ്ഥാനാര്‍ഥികളാണ് പ്രതിവിധി. ടി.എന്‍. പ്രതാപന് മാത്രമാണ് നിലവിലെ പട്ടികയില്‍നിന്ന് പോരാട്ടം നടത്താന്‍ ശേഷിയുള്ളയാള്‍. കെ. മുരളീധരന് ഗുരുവായൂരില്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ ആവേശമുയര്‍ത്തിയെങ്കിലും ഇപ്പോള്‍ അങ്ങനെയൊന്നില്ല. കൊടുങ്ങല്ലൂരില്‍ മത്സരത്തിനിറങ്ങുന്ന ഒ.ജെ. ജനീഷ് വാര്ത്താതാരമെന്ന നിലയില്‍ വോട്ടുകള്‍ നേടുമെന്നു പ്രതീക്ഷിക്കുന്നു. ചേലക്കര, കൊടുങ്ങല്ലൂര്‍, പുതുക്കാട്, ഒല്ലൂര്‍, കയ്പമംഗലം, മണലൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫില്‍നിന്നു പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഏറെ വിയര്‍ക്കേണ്ടിവരും.
കാര്‍ഷികഗ്രാമമായ ചേലക്കര പിടിക്കാന്‍ കോണ്‍ഗ്രസ് കൈമെയ് മറന്ന് ഉത്സാഹിച്ചതു 2024ലെ ഉപതെരഞ്ഞെടുപ്പിലാണ്. ആലത്തൂരില്‍ കെ. രാധാകൃഷ്ണനോടു പരാജയപ്പെട്ടശേഷം, ചേലക്കരയില്‍ ഇറങ്ങിയ രമ്യ ഹരിദാസില്‍ വന്‍പ്രതീക്ഷയാണ് നേതൃത്വം വച്ചുപുലര്‍ത്തിയത്. യുഡിഎഫിന്റെ ജില്ലയിലെ സംഘടനാസംവിധാനങ്ങളെല്ലാം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. എതിര്‍സ്ഥാനാര്‍ഥി യു.ആര്. പ്രദീപിന്റെ ഭൂരിപക്ഷം കുറയ്ക്കാനായെന്നുമാത്രം. നിലവില്‍ വി.കെ. ശ്രീകണ്ഠന് എംപിയുടെ ഭാര്യക്കു കോങ്ങാടു മത്സരിക്കാന്‍ ലീഗുമായി ചേലക്കര വച്ചുമാറുമെന്നാണു സംസാരം. അങ്ങനെയെങ്കില്‍ ചേലക്കരയില്‍ യുഡിഎഫിനു മത്സരംപോലും കാഴ്ചവയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗംതന്നെ സമ്മതിക്കുന്നു. ലോക്സഭാ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കരുത്തു കാട്ടിയിട്ടുണ്ട്.
2001നുശേഷം ഒരിക്കല്‍പോലും ഗുരുവായൂര്‍, കുന്നംകുളം മണ്ഡലങ്ങള്‍ യുഡിഎഫിനെ തുണച്ചിട്ടില്ല. മികച്ച ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചുകയറിയത്. ഗുരുവായൂരില്‍ എന്‍.കെ. അക്ബറും കുന്നംകുളത്ത് എ.സി. മൊയ്തീനുമാണ് കഴിഞ്ഞവട്ടം ജയിച്ചത്. നാമനിര്‍ദേശപത്രിക തള്ളിപ്പോയതിനാല്‍ എന്‍ഡിഎയ്ക്ക് 2021ല്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. 2016ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നിവേദിത സുബ്രഹ്മണ്യത്തിനു കാല്‍ലക്ഷം വോട്ടുകള്‍ ലഭിച്ചിരുന്നു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായിരുന്ന കെ.കെ. അനീഷ് കുമാര്‍ കുന്നംകുളത്ത് 2021ല്‍ 27,833 വോട്ടുകള്‍ നേടി.
തൃശൂര്‍, ഒല്ലൂര്‍ മണ്ഡലങ്ങള്‍ സിപിഐയാണ് കൈയില്‍ വച്ചിട്ടുള്ളത്. തൃശൂര്‍ ഇക്കുറി പിടിച്ചെടുക്കാമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഒല്ലൂരില്‍ കെ. രാജനെയും പുതുക്കാട് കെ.കെ. രാമചന്ദ്രനെയും പരാജയപ്പെടുത്തുക അത്ര എളുപ്പമാകില്ല. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, മണലൂര്‍ മണ്ഡലങ്ങള്‍ 2011നുശേഷം ഇടതിനൊപ്പമാണ്. മന്ത്രി ബിന്ദുവാണ് ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞവട്ടം ജയിച്ചത്. നാട്ടികയും കയ്പമംഗലവും സിപിഐ ഉറച്ച സീറ്റായിട്ടുതന്നെയാണു പരിഗണിക്കുന്നത്. മണലൂരില്‍ ബിജെപിക്കു വോട്ടുവിഹിതം കുറഞ്ഞു. കയ്പമംഗലത്ത് ബിഡിജെഎസിനെ മത്സരിപ്പിച്ചപ്പോള്‍ എന്‍ഡിഎയുടെ വോട്ട് 9066 ആയതു വന്‍തിരിച്ചടിയായിരുന്നു.
വിവാദങ്ങള്‍ തുണയ്ക്കുമോ?
കരുവന്നൂര്‍ ബാങ്ക് സഹകരണമേഖലയിലെ അഴിമതിയും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതലുള്ള പൂരംകലക്കല്‍ വിവാദങ്ങളുമാണ് ഇടതിന് ഇപ്പോഴും തലവേദന. കെ. മുരളീധരന്റെ പരാജയത്തിനുശേഷമുണ്ടായ പൊട്ടിത്തെറികളും ഗ്രൂപ്പ് സമവാക്യങ്ങളില്‍ കുരുങ്ങി സംഘടനാസംവിധാനങ്ങള്‍ സജീവമാകാത്തതും സ്ഥാനമോഹികളുടെ കരുനീക്കങ്ങളും കോണ്‍ഗ്രസിനു വെല്ലുവിളിയാണ്. വനവും കടലും അതിര്‍ത്തി പങ്കിടുന്ന തൃശൂരില്‍ വന്യജീവിആക്രമണങ്ങളും കൃഷിനാശവും സജീവചര്‍ച്ചയാണ്. പൂരംകലക്കല്‍ വിവാദം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനുകൂലമായെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
തെരഞ്ഞെടുപ്പുകാലമായതിനാല്‍ മന്ത്രിമാര്‍ക്ക് ഇടപെടാന്‍ പരിമിതിയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥരാണു പൂരം നടത്തിയതെന്നുമാണ് എല്‍ഡിഎഫ് വിശദീകരണം. മന്ത്രി കെ. രാജനെ പരോക്ഷമായി ഉന്നമിട്ട് വി.എസ്. സുനില്‍കുമാര്‍ രംഗത്തുവന്നതും ഇല്ലാത്ത റിപ്പോര്‍ട്ടിലാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്ന മന്ത്രിയുടെ പ്രതികരണവും പാര്‍ട്ടയിലെ ഭിന്നത വിളിച്ചോതുന്നു. സാഹിത്യഅക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് ഭരണമാറ്റം ജനാധിപത്യത്തിന് ആവശ്യമെന്നു പറഞ്ഞതും മറ്റ് അക്കാദമികളുടെ തലവന്മാര് അദ്ദേഹത്തിനെതിരേ രംഗത്തുവന്നതും തൃശൂരിലാണ്.
Leader Page
വയനാട് യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണെങ്കിലും മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം യുഡിഎഫിനൊപ്പവും ഒന്ന് എൽഡിഎഫിനൊപ്പവുമാണ്. കൽപ്പറ്റ ജനറലും മാനന്തവാടിയും സുൽത്താൻ ബത്തേരിയും സംവരണ മണ്ഡലങ്ങളാണ്. മാനന്തവാടി കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫിനൊപ്പമാണ്. എന്നാൽ, 2011ൽ യുഡിഎഫിനൊപ്പമായിരുന്നു. പി.കെ. ജയലക്ഷ്മി ആയിരുന്നു എംഎൽഎ. ഇത് 2016ലാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഒ.ആർ. കേളുവാണ് എംഎൽഎ ആയത്. പിന്നീട് 2021ലും ഒ.ആർ. കേളു എംഎൽഎ ആയി. ഇപ്പോൾ അദ്ദേഹം മന്ത്രിയുമാണ്.
രണ്ടുതവണ മാത്രമാണ് സുൽത്താൻ ബത്തേരി മണ്ഡലം യുഡിഎഫിനു നഷ്ടമായത്. കൽപ്പറ്റയിൽ യുഡിഎഫും ജനതാദളുമാണ് കൂടുതൽ കാലം വിജയിച്ചത്. ഒരു പ്രാവശ്യം മാത്രം സിപിഎമ്മിനൊപ്പം. മാനന്തവാടിയാകട്ടെ മണ്ഡല രൂപീകരണത്തിനുശേഷം നാല് തവണ എൽഡിഎഫിനൊപ്പവും ഒമ്പത് തവണ യുഡിഎഫിനൊപ്പവുമായിരുന്നു.
വാനോളം പ്രതീക്ഷയിൽ യുഡിഎഫ്
അനുകൂലമാണ് വയനാട് എന്ന ചിന്തയിലാണ് യുഡിഎഫ് ജില്ലാ നേതൃത്വവും അണികളും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം സാംപിൾ മാത്രമാണെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. ശബരിമല സ്വർണത്തട്ടിപ്പും ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പും പിണറായി സർക്കാരിന്റെ വീഴ്ചകളുമാണ് യുഡിഎഫ് എണ്ണിപ്പറയുക. അയൽ ജില്ലയായ കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണവും വയനാട്ടിലെത്തും.
സിപിഎമ്മിൽ ജില്ലാ നേതാക്കൾ വെട്ടിനിരത്തിയ പൂതാടി പഞ്ചായത്തിലെ എ.വി. ജയൻ അടക്കമുള്ളവരുടെ നിലപാടുകളും യുഡിഎഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങൾ ലഭിച്ചെങ്കിലും മാനന്തവാടി കൂടി ഇത്തവണ പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. അതിനായി മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കുമെന്നും നേതാക്കൾ പറഞ്ഞു. ബത്തേരിയിലും കൽപ്പറ്റയിലും ഭരണവിരുദ്ധ വികാരം മുതലെടുത്ത് ഭൂരിപക്ഷം വർധിപ്പിക്കാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. പ്രചാരണത്തിന് വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെത്തിയേക്കും.
മണ്ഡലം വർധിപ്പിക്കാൻ എൽഡിഎഫ്
2011ൽ മൂന്ന് മണ്ഡലവും നഷ്ടപ്പെട്ട സ്ഥിതിയിൽനിന്നാണ് 2016ൽ മാനന്തവാടിയും കൽപ്പറ്റയും തിരിച്ചുപിടിച്ച് എൽഡിഎഫ് മുന്നേറ്റം നടത്തിയത്. 2021ൽ മാനന്തവാടി നിലനിർത്താൻ എൽഡിഎഫിന് സാധിച്ചു. എന്നാൽ കൽപ്പറ്റ കൈവിട്ടു. മാനന്തവാടി നഷ്ടപ്പെടാതെ സുൽത്താൻ ബത്തേരിയും കൽപ്പറ്റയും എന്നതാണ് എൽഡിഎഫ് ലക്ഷ്യം. മാനന്തവാടിയിൽ ഒ.ആർ. കേളുവിനുതന്നെയാണ് സാധ്യത. സുൽത്താൻ ബത്തേരിയിൽ എം.എസ്. വിശ്വനാഥനായിരിക്കും എൽഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച് സിപിഎമ്മിനൊപ്പം ചേർന്ന വിശ്വനാഥനിലൂടെ യുഡിഎഫ് വോട്ടുകളിലും കണ്ണുണ്ട്. കൽപ്പറ്റയിൽ എൽഡിഎഫിനൊപ്പമുള്ള ജനതാദളിനായിരിക്കും സീറ്റ്.
മാനന്തവാടിയിൽ എന്തും സംഭവിക്കാം
മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കുന്ന പതിവ് ഇത്തവണയും മാറില്ല. രണ്ട് തവണ കൈവിട്ട മാനന്തവാടിയാണ് യുഡിഎഫിന് വെല്ലുവിളി. ഇത്തവണ മാനന്തവാടി കൈവിടാൻ യുഡിഎഫ് ഒരുക്കമല്ല. എഐസിസി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയുടെ മണ്ഡലംകൂടിയാണ് മാനന്തവാടി. 2011നു ശേഷം രണ്ട് തവണ തോറ്റു. എന്നാൽ, സ്ഥാനാർഥിയുടെ കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.
2016ലും 2021ലും വിജയിച്ച ഒ.ആർ. കേളുവാണ് എൽഡിഎഫിന്റെ മാനന്തവാടിയിലെ തുറുപ്പുചീട്ട്. രണ്ട് പ്രാവശ്യം തുടർച്ചയായി മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന സിപിഎം നിലപാട് മാറ്റിവച്ചേക്കും. ഒ.ആർ. കേളു മണ്ഡലത്തിലെ പ്രിയപ്പെട്ട വ്യക്തിത്വമാണ്. എങ്കിലും സ്വന്തം മണ്ഡലത്തിൽ സംഭവിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ശുചിമുറിയുടെ അഭാവവും വനത്തിൽ താമസിച്ചിരുന്ന ആദിവാസികളുടെ കുടിൽ പൊളിച്ചുനീക്കിയതും വെല്ലുവിളിയാകും. എന്നാൽ വയനാട് ഗവ. മെഡിക്കൽ കോളജ് മാനന്തവാടിയിൽ ആരംഭിച്ചതും ഇതിനായി സ്ഥലം കണ്ടെത്തിയതും എൽഡിഎഫിന് അനുകൂല ഘടകമാണ്. എൻഡിഎ തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മണ്ഡലത്തിലെ വോട്ടുകൾ ചോരാതിരിക്കാനും ശക്തി വെളിപ്പെടുത്താനുമാണ് എൽഡിഎ ശ്രമിക്കുന്നത്.
സുൽത്താന്റെ കോട്ട പിടിക്കാൻ ആര്?
സംവരണ മണ്ഡലമായ ബത്തേരിയിൽ വോട്ടിന്റെ എണ്ണം വർധിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. അവസാന മൂന്ന് വട്ടവും ഇവിടെ വിജയിച്ച ഐ.സി. ബാലകൃഷ്ണൻ തന്നെയാകും യുഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. നിരവധി ആരോപണങ്ങളും കാലുമാറ്റങ്ങളും ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയും യുഡിഎഫിന് വെല്ലുവിളിയാണ്. ബത്തേരി അർബൻ സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പണമിടപാടുകളും യുഡിഎഫിന് ക്ഷീണം ചെയ്തിരുന്നു. എൻ.എം. വിജയന്റെ ബാധ്യതകൾ ഏറെ വിവാദത്തിനു ശേഷമാണ് യുഡിഎഫ് തീർത്തത്. ഇതു മുതലെടുക്കാൻ എൽഡിഎഫ് നിരവധി ശ്രമങ്ങൾ നടത്തി. സിപിഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ വരെ വിജയന്റെ വീട് സന്ദർശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ അടക്കമുള്ള നിരവധി നേതാക്കളും സംശയനിഴലിലായിരുന്നു. ഇതെല്ലാം മുതലെടുത്ത് മുൻ കോൺഗ്രസ് അംഗത്തെത്തന്നെ പോരിനിറക്കാനാണ് എൽഡിഎഫ് നീക്കമെന്നാണ് അറിയുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു സംസ്ഥാനത്തെ ക്രമീകരണങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേന്ദ്രസംഘം നാളെ മുതൽ കേരളത്തിൽ എത്തും.
നാളെയും മറ്റന്നാളും രണ്ട് സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാർ കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് കളക്ടർമാർ, പോലീസ് നോഡൽ ഓഫീസർമാർ, ജില്ലാ പോലീസ് മേധാവികൾ, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം നടക്കും.
ഇതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും ഉദ്യോഗസ്ഥരും കേരളത്തിലെത്തും. എന്യുമറേഷൻ ഫോറം നൽകിയവരിൽ 2002 ലെ എസ്ഐആർ പട്ടികയിലെ വിവരങ്ങളുമായി ചേരാത്തതും വിശദാംശങ്ങളിൽ പൊരുത്തക്കേടുള്ളതുമായി കണ്ടെത്തിയ 36,88,948 പേരുടെ ഹിയറിംഗിനുശേഷം ഒഴിവാക്കിയത് 53,229 പേരെ മാത്രമാണ്.
36 ലക്ഷം പേർക്കും നോട്ടീസ് നൽകി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. 14നായിരുന്നു ഹിയറിംഗിന്റെ അവസാനദിവസം. നോമാപ്പിംഗ് വിഭാഗത്തിൽ 19,32,688 പേർക്കും മറ്റു തരത്തിൽ പൊരുത്തക്കേടുള്ള 17,56,260 പേർക്കുമായിരുന്നു ഹിയറിംഗ് നടത്തിയത്. ഇവരുടെ അപ്പീൽ നടപടികൾ തുടരും. എന്നാൽ, ഇനി പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാത്രമേ കഴിയുകയുള്ളൂ.